കൊടുങ്ങല്ലൂർ 18-6-67
ശ്രീസീതാപതി പരമൌ-
ദാസീന്ന്യം വിട്ടു കാനനംതോറും
ഭൂസുതയെത്തേടി വിനി-
ശ്വാസംവിട്ടതിനു കൈതൊഴുന്നേൻ ഞാൻ
ശ്രീസീരായുധസാദരപ്രിയ! ഭവാൻ
തീർത്തുള്ളൊരാനാടകം
കേ. സീ. കേശവപിള്ള കൂ. പരമുതാൻ
നൾകീട്ടു കണ്ടപ്പോഴേ
ഹേ! സീമാതിഗമോദസാഗരമതിൽ
ചാടിക്കളിച്ചിട്ടു സ-
ന്നാസീരാധിപനാം ഭവാനെ വിനയാ-
ലേവം സ്തുതിച്ചീടിനാൻ.
"ഭാഷാപോഷിണി"യിൽ പ്രധാനവിജയം
പ്രാപിച്ചൊരാക്കേമനാം
ഭാഷാസൽക്കവിയോടു വേഴ്ച വെടിയ-
ല്ലങ്ങയ്ക്കു യുക്തം സഖേ!
തോഷാലാദിയിലങ്ങു പുസ്തകമവ-
ന്നൊന്നേകിയെന്നാലതോ
ഭേഷായ് ലൌകികനിഷ്ഠകൾക്കുചിതമാ-
ണെന്നിന്നു ചൊല്ലേണമോ?
"കൊല്ലം പരവൂർ കേ. സി. കേശവ-
പിള്ള അവർകൾ"ക്കെന്നു പുറത്തായ്
തെല്ലെഴുതീട്ടുടനഞ്ചലിലിട്ടാൽ
ചെല്ലുമവന്റെ കരത്തിലെഴുത്തും.
ഇപ്പിള്ള സാക്ഷാൽ നടുവദ്വിജേന്ദ്രൻ
കല്പിച്ചുകണ്ടീടുവതിന്നു വേണ്ടി
ഒപ്പിച്ചു മാറീടിന കത്തിതോടു-
മർപ്പിച്ചിടുന്നേനിത നോക്കിയാലും.
പണ്ടതന്നെ നമുക്കു കത്തുവഴിയാ-
യിവീരനോടിഷ്ടമൊ-
ട്ടുണ്ടറെ പ്രിയമായി കോട്ടയമതിൽ
ക്കണ്ടന്നുതൊട്ടെന്നതും
ഉണ്ടേ ഞാൻ പറയേണ്ടതായതു മറ-
ന്നിട്ടില്ല നോന്തങ്ങളിൽ-
ക്കണ്ടതോ ചിലതൊക്കെയങ്ങു മുഖദാ-
വിൽ ചൊല്ലിയന്നില്ലയോ;
ആയാളയച്ചീടിന കത്തിനങ്ങു-
ന്നായാസമെന്ന്യേ മറുകത്തയച്ച്
ന്യായാനുകൂലം വഴിപോലെ വേഴ്ച-
യായാലതാനന്ദമെനിക്കുമേറ്റം.
പിന്നൈ-മാസത്തിനായിക്കുതുകമൊടു ഭവാൻ
വന്നുചേരില്ലയോ നോ-
ക്കുന്നൈ -ഹാഹാ കഥിയ്ക്കേണ്ടതു പലവകയു-
ണ്ടൊക്കെയും നീട്ടിവച്ച്
ഇന്നൈ-ഞാനുണ്ടിടട്ടേ ചിലതിര ജഠരാ-
ഗ്നിയ്ക്കു ഹോമിച്ചിടാഞ്ഞാൽ
പിന്നൈ-ചൊല്ലേണ്ടതുണ്ടോ പരമതുടൽ ദഹി-
പ്പിച്ചിടും കയ്യുവച്ച്