Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 64

64

കൊടുങ്ങല്ലൂർ 16-6-67


ഓടക്കുഴൽക്കളരവം നിശി കേട്ടു തന്റെ
കൂടെക്കിടക്കുമൊരു കാന്തനെയും വെടിഞ്ഞു
ഓടിക്കിതച്ചുവരുമങ്ഗനമാർക്കു രാസ-
ക്രീഡയ്ക്കു കണ്മണി കൊടുത്തവനത്തൊഴുന്നേൻ


ആപാദചൂഡരമണീയ പദപ്രബന്ധ-
മാപാദിതപ്രവിസരദ്രസഭേദകാന്തം
ആലോക്യ പത്രമയി തേദ്യ യഥാ കളത്ര-
മാലോളിതം മമ മനസ്സുഖദുഃഖമിത്രം.


കഴിഞ്ഞ കാര്യങ്ങളെ വെച്ചുവാഴ്ത്തി-
കുഴഞ്ഞുവെന്നാൽ ഫലമിപ്പൊളുണ്ടോ?
കൊഴിഞ്ഞ കണ്ണീരു തുടച്ചു കൈയ്ത്താർ
കുഴഞ്ഞു പാരന്നനയുന്നതെന്ന്യേ.


ഞാനിന്നും വനത്തിലാണൊരുവിധം
ധൈര്യം പിടിച്ചെൻപ്രിയ-
യ്ക്കാന്നന്ദക്ഷയമുള്ളതാകെയകലാൻ
സാരോപദേശങ്ങളേ
താനൊന്നോതുമതിന്നിടയ്ക്കവൾ കുറേ-
കൂടിക്കരഞ്ഞീടുമാ-
ദ്ധ്യാനന്നോർക്കുകിലപ്പൊളെൻമിഴികൾ ചു-
ട്ടശ്രുക്കൾ വർഷിച്ചിടും


തിങ്ങിന സങ്കടഭാവമൊ-
ടിങ്ങിനെ കഴിയുന്നു രാവുമുക്കാലും
അങ്ഗനമാരൊടു ചൊന്നാ-
ലങ്ഗ! നടക്കില്ല കേവലം ജ്ഞാനം.


ശൃങ്ഗാരാദിരസങ്ങൾ നാടകമതിൽ
സ്ഥായീഭവിച്ചീടിലും
ഭങ്ഗ്യാ ദുഃഖരസം മുറയ്ക്കനുരസ-
സ്ഥാനത്തു കാണുംവിധം
ഇങ്ങാകെപ്പറയുമ്പൊളീ ഭവരസ-
ഞ്ചേരുമ്മഹാനാടകേ
തുങ്ഗാത്മൻ! കരുണം പ്രധാനതരമാ-
യിപ്പോൾ നടിക്കുന്നു ഞാൻ.


എന്നാലിക്കഥ പോട്ടേ
നന്നായ്മാസത്തിനങ്ങു വരുമല്ലോ;
അന്നാൾ തമ്മിൽക്കണ്ടതി-
നന്ദ്യാ പലതും പറഞ്ഞിടാനുണ്ടു്.


പരം ഞായമല്ലാതെ വല്ലാതെകണ്ടീ-
യ്യിരിഞ്ഞാൽക്കുടക്കാരിടഞ്ഞാകിലും ഞാൻ
കുറഞ്ഞാകിലും കൂസുമാളല്ലിതെന്നും
പറഞ്ഞാലുമാന്നു നേരിട്ടുതന്നെ.


കയ്യേറ്റം ചെയ്യുമെങ്കിൽക്കഠിനതരമതാം
ശിക്ഷ സർക്കാർപണിക്കാർ
ചെയ്യും, ചേരുന്നമുക്കില്ലവരവരുടെ കർ-
മ്മത്തിനേല്ക്കും ഫലത്തേ
അയ്യോ നേരിട്ടു കാര്യം പറയുകിലിഹ ചൊ-
ല്ലേണമോ വായിൽ നാവ-
ന്നിയ്യുള്ളോനും മയക്കും കശപിശപറകിൽ
കേവലം കൂസൽതന്നെ.