Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 63

63

കൊടുങ്ങല്ലൂർ 16-5-1067


ആനത്തലയെഴുമുണ്ണി-
യ്ക്കാനന്ദത്തോടു മുലകൊടുത്തിടുവാൻ
ഞാനാളല്ലെന്നായി-
ത്താനൊരു ചിറിപോട്ട പെണ്ണിനു തൊഴുന്നൂ


പൊണ്ണന്മാരുടെ മട്ടിലെന്റെ ഡിഗിനി-
റ്റിക്കല്പമൂനം വരും-
വണ്ണം താങ്കളയച്ച പത്രമതിൽ നീ-
"യ്യങ്ങുന്ന”തെന്നിങ്ങിനെ
വർണ്ണിച്ചേറ്റമിടക്കിടയ്ക്കു തടവും
സംബുദ്ധിയല്ലാതെ മ-
റ്റെണ്ണത്തിൽക്കുറവില്ല നല്ല മിനുസം
ശങ്കുണ്ണി! തേ വാചകം.


അച്ഛന്നം പൂരിതാത്യാദരമൊടുമവിടു-
ന്നെന്റെഭാര്യക്കു നേരി-
ട്ടച്ഛൻനമ്പൂരി! താൻ വിട്ടൊരു സരസതര-
ക്കത്തു കേൾപ്പിച്ചനേരം
ഉൾച്ചിന്നും പ്രീതിയോടും ചെറിയ പുതുനിലാ-
വൊന്നു ചിന്നും പ്രകാരം
സ്വച്ഛന്ദം പാൽമൊഴിത്തയ്യതിനെയതിരസം-
കൊണ്ടു കൊണ്ടാടി പാരം.


ഞാനിപ്പോൾ ബ്ഭജനന്തുടങ്ങിയതു കാ-
ലംകൂടുമന്നാളിലോ
സാനന്ദം മറുനാളിലോ മകനുമൊ-
ന്നിച്ചന്തിയാവും വിധൌ
ഊനം വിട്ടു വരും നമുക്കഥ മറ-ക്
കാൻ നൂറുതേച്ചീടുവാൻ
താനേ കാത്തുവസിച്ചിടട്ടെ വിരുതേ-
റും വിഷ്ണുവിപ്രോത്തമൻ.


ശങ്കുണ്ണിക്കു മുറയ്ക്കു വേറെയെഴുതി-
ക്കൂട്ടാൻ മടിച്ചല്ല ഞാൻ
തങ്കും പ്രീതിയൊടൂർദ്ധ്വമുത്തരമതൊ-
ന്നോർത്തിട്ടു ലജ്ജിക്കയാൽ
ശങ്കിച്ചാണിതിലാക്കിവെച്ചതു ഭവാൻ
നേരിട്ടിതും ചൊല്ലിയാ-
ലെൻകുറ്റം കുറയുന്നതാണതിനമാ-
ന്തം കാട്ടിടൊല്ലേ സഖേ!


അറുമടിയൻ നീയ്യെന്നായ്-
ക്കരുതിടുമല്ലാതെ നിന്റെ മാതിരിയിൽ
മറുകവി കുഞ്ഞിക്കുട്ടൻ
മറക്കുമോ മമതമൂത്ത പടുവങ്ക!


മതിമൻ! കേൾക്കണമിതിലീ-
ദ്വിതീയഷ്ഠങ്ങൾ രണ്ടു പദ്യങ്ങൾ
കൃതിയാം ശങ്കുണ്ണിയ്ക്കായ്
കൃതിചെയ്യേൻ ശേഷമഞ്ചുമങ്ങെക്കും.