Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 62

62

കൊടുങ്ങല്ലൂര്‍ 9_6_67


കൂട്ടക്കാരൊത്തുകൂടിക്കുസൃതികൾ കരുതി-
സ്സൂര്യജോദ്യാനവൃക്ഷ-
ച്ചോട്ടിൽ ക്രീഡിച്ചഴിഞ്ഞാൽ കയറിയഴകിനോ-
ടാടിടും രാധതന്റെ
ആട്ടം കണ്ടിട്ടടുത്തിട്ടുടുപുടവയഴി-
ഞ്ഞോരു ... ... ലേക്കാ-
യോട്ടക്കണ്ണിട്ടുനോക്കും കപടവിടകിശോ-
രന്നിതാ കൈതൊഴുന്നേൻ.


മാസത്തിൽക്കത്തു നാലേകുവനിതി ശപഥം
ചെയ്തതില്ലേ ഭവാൻ പ്ര-
ത്യാസത്തിക്കൂനമായീടിന സമയമതെ-
ന്തേ മറന്നൂ മഹാത്മൻ!
ഹേ! സത്യംകൈവിടാമോ മരണമതുവശാൽ
വന്നുവെന്നാലുമിയ്യാ-
ഭാസത്വം ഭംഗിയല്ലേ ഭരിതഭുവനസൽ-
കീർത്തിസമ്പത്തിമൂർത്തേ!


ഞാനോ പുത്രവിയോഗസങ്കടവശാ-
ലോർത്തീലതിന്നവരെ-
ത്തേനോലും കൃതിയോർത്തുവെങ്കിലുമുദി-
യ്ക്കില്ലീ വിഷാദോദയേ;
താനോർക്കായ്‍വതിനെന്തു ബന്ധമഥവാ
നല്ലോണമോർത്തിട്ടുമ-
സ്ഥാനോന്മാദമുദിയ്ക്കുയോ ശരിയതാ-
യീടില്ലിതേതെങ്കിലും.


അന്നന്തിയ്ക്കിഹ വന്നുചേർന്ന സമയ-
ത്താളർക്കമാകും വിഷം
വന്നേന്തിത്തനയൻ കിടപ്പതുതിരും
കണ്ണീരൊടും കണ്ടു ഞാൻ;
ഒന്നാന്തി പുനരാവിഷം വിഷമമായ്
പിറ്റേദ്ദിനം കഷ്ടമാ -
യിന്നെന്തിന്നതെടുത്തെടുത്തു പറയു-
ന്നുണ്ടു പൊള്ളുന്നു മേ.


അന്യസ്ത്രീകളിലുത്ഭവിച്ച സുതനാ-
ണാപത്തു വന്നീടിലും
ധന്യന്മാരുഴലുന്നതല്ലിതി സമാ-
ധാനം വരുന്നില്ലിതിൽ;
അന്യായം നിരുപിച്ചുകാണ്ക മമതാ-
ബന്ധം കളഞ്ഞീടുവാൻ
ധന്യാത്മൻ! കഴിയുന്നതല്ലവരവർ-
ക്കുണ്ടാകിലുള്ളം ചുടും


നേരം വൈകുകയാലി-
ന്നേരം വളരെപ്പറഞ്ഞിടേണ്ടതു ഞാൻ
പാരം ചുരുക്കിടുന്നേൻ
പാരങ്കവിയും യശസ്സുധാസിന്ധോ!