കൊടുങ്ങല്ലൂർ 13-5-61
കാമിയ്ക്കും വസ്തുവെല്ലാം കളമൊടു മടിയിൽ-
ക്കാച്ചുകൊണ്ടും, ശിരസ്സിൽ
ക്കാമക്കൈനട്ട തിങ്കൾച്ചെറുലത രുചിയാം
വേർപിടിച്ചിട്ടുകണ്ടും,
കാമാരിസ്വാമിയാർതൻ തിരുമടിനടുവാ-
യീടുമുദ്യാനദേശേ
കാമം വാടാതെനിൽക്കും ശ്രുതിപദവീ-
വല്ലരിയ്ക്കായ് ത്തൊഴുന്നേൻ.
കഷ്ടം താങ്കളെഴുത്തയയ്ക്കിൽ മറുക-
ത്തേകുന്നതല്ലെന്നൊരീ-
ച്ചട്ടന്തന്നെ പഠിച്ചിരുന്നുരുകഴി-
ച്ചീടുന്നതോർക്കും വിധൌ
മുട്ടുന്നൂ മമ മാനസം തവ മതം
ശങ്കുണ്ണിയും കണ്ടെടു-
ത്തിട്ടെന്നോടുരിയാടിടാത്തനിലയായ്
ത്തീർന്നെന്നതും സങ്കടം.
ഇപ്പോൾ നമ്മുടെയൊട്ടുബുക്കിനു ഭവൽ-
പ്പദ്യങ്ങൾ കിട്ടായ്കയാ-
ലുൾപ്പുവിൽബ്ബഹുമാന്ദ്യമാണതു മട-
ങ്ങിത്താൻ കിടക്കുന്നതും
സ്വല്പം താങ്കൾ മനസ്സുവയ്ക്കിൽ മലരും
സമ്പൂർണ്ണമായ്‍വന്നിടും
ചൊല്പൊങ്ങും കവിതാനതാംഗി വരനാ-
ക്കിത്തീർത്ത വർണ്യാകൃതേ!
മുപ്പത്തഞ്ചാം വയസ്സിൽ കവിഗണമണിയും
കൊച്ചുകൊച്ചുണ്ണിരാജൻ
കെല്പൊത്തീടും ധരാമണ്ഡലവസതിവെടി-
ഞ്ഞിട്ടു മേല്പെട്ടുപോകും;
സ്വപ്നം കണ്ടിപ്രകാരം വിഷയവിമുഖനാ-
യാമഹാനിത്രിലോകം
സ്വപ്നപ്രായത്തിലാണെന്നൊരു നിലയിലിരി-
യ്ക്കുന്നു നിർവ്വിണ്ണനായി
പാലോലുന്നോരുമട്ടിൽപ്പലകൃതികളിനി-
ത്തീർക്കയില്ലത്രയല്ലാ
ഭൂലോകംതന്നെ കൈവിട്ടിടുമിതി കരുതി-
ക്കൊണ്ടിരിക്കുന്നു കണ്ടാൽ
മാലോകക്കുർള്ള ഭാഗ്യക്ഷയമഹിമ വിചാ-
രിച്ചു വല്ലാതെ വായ്ക്കും
മാലോടും മാനസം മേ വലിയൊരഴൽ വളർ-
ന്നും തളർന്നും വരുന്നൂ
ഇങ്ങിനെ ദുസ്വപ്നത്താൽ-
മങ്ങിന കൊച്ചണ്ണിഭൂപനെസ്സദയം
തിങ്ങിന വാത്സല്യാൽ രു-
ദ്രാങ്ഗന ചിരജീവിയാക്കി വയ്ക്കട്ടേ.