Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 58

58

അങ്ങയ്ക്കെന്റെ കവിപ്രവീര! നടുവ-
ത്തഛ പ്രഭോ! കൌതുകം -
തിങ്ങിക്കോട്ടയമായതിൽക്കവിസമാ-
ജത്തിന്നു പോന്നീടുവാൻ
അംഗത്തിന്നൊരസൌഖ്യസംഗതി മഹൻ
നാരായണൻ ചൊൽകയാ-
ലിങ്ങെത്തീട്ടു മദീയമാനസമഹാ-
രംഗത്തു കൂത്താടിതേ


ഇഷ്ടം ശിഷ്ടകവിത്വമെന്നു പലതും
ചേരും ഭവാനീവിധം
കഷ്ടം ദുഷ്ടവിധിപ്രയോഗമതിനാൽ
പോരാതെയായ്പോകിലോ
വട്ടം കൂട്ടിവരുന്ന ഞങ്ങൾ വളരെ-
ക്കേഴേണ്ടതായ് ത്തീരുമി-
ങ്ങൊട്ടും തുഷ്ടിയതില്ല പിന്നെ വെറുത
തെക്കോട്ടു പോയ്പോന്നിടാൻ


പത്രാധീശനിതാ പരം പരിഭവം-
ചൊല്ലുന്നു കൊച്ചുണ്ണിഭൂ-
വൃത്രാരാതി മടിയ്ക്കുമെന്നൊരുവഴി-
യ്ക്കൂഹങ്ങളുണ്ടാകയാൽ;
ചിത്രാകാരകവിത്വസാരജലധേ!
താൻ കൂടി വന്നിട്ടു സ-
ന്മിത്രാമന്ദരസം നമുക്കൊരുവിധം
കാര്യം നടത്തിയ്ക്കണം.


എന്നാലാവക ജോലിതീർന്നു സുമതേ!
താങ്കൾക്കു പിന്നെപ്പരം
നന്നായാരവിവർമ്മവഞ്ചിവസുധാ-
നാഥാമണാളാനുജൻ
നന്ദ്യാ വിട്ടൊരെഴുത്തു ഞാനിതിലട
ക്കംചെയ്തയയ്ക്കുന്നു ചി-
ക്കന്നാക്കത്തിനു ചേരുമുത്തരമയ-
ച്ചാലും തിളച്ചാദരാൽ.


തിടുക്കമായിട്ടെഴുതുന്നമൂല-
മിടയ്ക്കിടെക്കുത്തു മെഴുത്തിലെല്ലാം
കിടക്കുമീഭംഗിവിനാശവും ദുർ-
ഘടക്രമം മാപ്പവകൾക്കു പിന്നെ


എന്നു നിറുത്തീടുന്നേ-
നിന്നു നിതാന്തം സഖിത്വഗുണജലധേ!
എന്നാലിനി മുഖദാവിൽ
തന്നാൽ താൻ കണ്ടു ശേഷ മുരചെയ്യാം.