കൊടുങ്ങല്ലൂർ 9-3-67
മുടിയിലൊഴുക്കുള്ളാറും
മടയിൽ സൌന്ദര്യമേറിടും പെണ്ണും
വടിവൊടു വിലസും സംസാ-
രാടവിയുടെ കാട്ടുതീയ്ക്കു കാക്കട്ടേ.
ഭാഷാശ്ലോകസുധാഘടം കളമൊടും
നിത്യം വഹിയ്ക്കുന്ന നിർ-
ദ്ദോഷാനന്ദഘനാംഗനായരുളിടും
ധന്വന്തരി സ്വാമിയെ
തോഷത്തോടൊരു പത്രമദ്ധ്യവിലസൽ
പദ്യ പ്രസൂനാളി നി-
ശ്ശേഷപ്രീതിവരാൻ ഭവാനു വഴിവാ-
ടായിട്ടയച്ചേനഹം.
ശാന്തിയ്ക്കായരികത്തു നിത്യമമരും
ശങ്കുണ്ണിയില്ലായ്കയോ?
സന്തോഷത്തൊടു ഭക്തനാകുമിവനിൽ-
ക്കാരുണ്യമില്ലായ്കയോ?
എന്താണായതിനുത്തരം തരുവതി-
ന്നീമട്ടമാന്തം വരാൻ
ബന്ധം ബന്ധുരസൌഹൃദാമൃതരസം
പ്രക്ഷീണമായ്പ്പോകയോ?
സീ. പിയ്ക്കായ്‍ക്കത്തയക്കുന്നതിനുമതിനു വ-
ന്നെത്തുവോരുത്തരത്തെ
പ്രാപിപ്പിക്കേണ്ടതിന്നും തവ കൃതി തടവ-
റ്റച്ചടിപ്പിപ്പതിന്നും
കെല്പിൽ കാര്യം കരാറായ് സകലവുമിവയിൽ-
ച്ചെയ്‍വതിന്നും വിശേഷി-
ച്ചേല്പിച്ചു ഭാരമെല്ലാം മരുമകനെ മുറ-
യ്ക്കെന്നു ഞാൻ ചൊല്ലിയല്ലോ.
കോട്ടംവിട്ടൊരു കോട്ടയം കവിസമാ-
ജത്തിൽ പ്രവേശിച്ചുടൻ
കൂട്ടത്തോടു നമുക്കു മാനവിഭവം
പോകാതെ പോന്നീടുവാൻ
വട്ടംകൂട്ടുക വാക്കുകൾക്കൊരു തഴ-
ക്കം നല്ലൊഴുക്കേവമാ
മട്ടൊക്കെക്കളയാതെ മൂർച്ചവരുവാൻ
ചാണയ്ക്കു വച്ചീടെടോ.
താതൻതന്നുടെ മാസമായിയതിനായ് -
വേഴ്ചപ്പെടും വെഴ്മണി-
യ്ക്കാതങ്കം കലരാതെ ചെന്നു മഹനെ-
ന്നുള്ളാ മഹാനൊത്തഹോ
സ്ഫീതപ്രീതി തിരിച്ചു പോന്നു വഴിയേ
വയ്ക്കത്തുപോയ്പ്പാർവ്വതി-
ച്ചേതോവല്ലഭനേ വണങ്ങിയണയാം
നൊമ്മൾക്കതിന്നല്ലയോ?