Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 52

52

കൊടുങ്ങല്ലൂർ 20_1_67


അഴിഞ്ഞമോദേന ഭവാനയച്ച
പൊഴിഞ്ഞപീയൂഷമെഴുന്ന പത്രം
വഴിയ്ക്കു വന്നിട്ടിഹ രണ്ടുനാളു
കഴിഞ്ഞു ഞാനുത്തരമേകിടാതെ.


പീയൂഷം ചോർന്നൊലിയ്ക്കുന്നവകൃതിഘടമേ!
താങ്കളൊന്നിച്ചിരിപ്പാ-
നീയുള്ളോർക്കെന്നു കിട്ടുംതരമിതി നിരുപി-
യ്ക്കുന്നതുണ്ടിങ്ങു ഞാനും;
അയ്യോ കേവഞ്ചികത്തുന്നവരുടെ മുറയാ-
ണിന്നു നേരം കുറിപ്പാൻ
വയ്യേ വന്നെത്തുമെന്നെങ്കിലുമൊരുദിവസം
നന്നെ വൈകിച്ചിടാതേ.


ശങ്കുണ്ണിയ്ക്കു പിണഞ്ഞ ശൊട്ടു സകലം
തീർന്നെന്നു കേട്ടിട്ടുമെൻ
ശങ്കയ്ക്കുണ്ടൊരു ശങ്കവിട്ടു പിരിയാൻ
ചേരുമ്പൊഴേയെങ്ങിനെ;
ശങ്കുമ്പുങ്കുമറിഞ്ഞിടാത്ത വികട-
പ്പൊല്ലീസ്സുകാർ വല്ലതും
വങ്കത്തം കടുഭാവമോടുമിവനിൽ
കാണിച്ചിതോ കഷ്ടമേ!


ഈവക വിചാരമിന്നും
കേവലമുള്ളിൽ കിടന്നൂ
ആ വികൃതിപ്പട്ടരുടൻ
പോവട്ടേ വല്ല തെക്കു ശീമകളിൽ


തർജ്ജമചെയ്‍വാനെഴുതിയ-
തിജ്ജനമൊപ്പിച്ചു മാറിയൊരുമട്ടിൽ
സജനമേ! പരമതിനുടെ
വർജ്ജനമാണുചിതമെന്നു തോന്നുന്നു.


ഇക്കണ്ടവക്കുർള്ള ജയാശ കെട്ടി-
നിൽക്കുന്നതായ്ക്കൊള്ളുകിലുജ്വലിയ്ക്കും
ചക്രായുധൻ ചക്രമവൻകഴുത്തി-
ലാക്കീ പതക്കത്തെയണിഞ്ഞപോലെ.


പോരാത്ത വാക്കു കൂട്ടുക
ചേരാത്തതു ചേർക്കുകെന്റെ കവിമൌലേ!
തുരുതുരെ ഞാനൊന്നെഴുതി-
ത്തരുന്നതാണെന്നു കണ്ടാലും.