Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 51

51

കൊടുങ്ങല്ലൂർ 10_1_67


കോട്ടക്കോവിലകത്തു നിന്നു "നടുവം"
തൊട്ടുള്ള കുളവ്രജം
കൂട്ടത്തോടുമിറങ്ങിവന്നിവിടെ വാ-
ഴുന്നുണ്ടകണ്ഠാദരം;
വാട്ടംവിട്ട വിരോധമാണിളയ രാ-
ജാവിന്നിവറ്റങ്ങളാ-
പ്പാട്ടിൽ പാർത്തിടുകെങ്കിലെന്നതറിവു-
ണ്ടങ്ങെക്കുമെന്നില്ലയോ?


എന്നാൽ ശിഷ്യജനങ്ങളൊക്കെവെയക-
ന്നിട്ടായിരുന്നീടുകെ-
ന്നൊന്നായാലതു സങ്കടസ്ഥിതിയിലാ-
ണസ്മൽഗുരുശ്രേഷ്ഠനും;
എന്നാലും യുവരാജമന്ദിരമുപേ-
ക്ഷിക്കൊല്ലതെന്നായ് ഭവാൻ
ചൊന്നാ വാക്കു നിനച്ചുകൊണ്ടു കഷണി-
ച്ചാണിന്നു വാഴുന്നതും.


സ്വാപത്തിന്നു തുണയ്ക്കൊരാളരികിലി-
ല്ലാഞ്ഞാൽ സുഖം പോരതും
ഭൂപോത്തം സമതിന്നു ദുഃഖമിവര-
ങ്ങാരും കടക്കായ്മയാൽ
കോപത്താൽ പുരികം ചുളിയ്യിളയ ഭൂ-
പൻ നോക്കിടും പോകില-
ത്യാപത്താണിതിനിബ്ഭവാനൊരുവിധം
സ്വാസ്ഥ്യം വരുത്തീടണം.


മരുത്തനാശ്ശങ്കരകാര്യഭാഗേ
വെറുത്തുനിന്നീടുക കാരണത്താൽ
കറുത്ത വസ്ത്രത്തിലെഴുന്ന നാവു
തെറുത്തുവെച്ചൂ ശിവനെന്നു കേട്ടു.


എന്തോ ശങ്കുണ്ണിയിപ്പോൾ പെരിയൊരു വികട-
ക്കുണ്ടിലാപ്പെട്ടുവെന്നോ?
സന്തോഷക്കേടു പറ്റുന്നതിനൊരു വിഷയം
വന്നുവെന്നൊന്നു കേട്ടു
താന്തോന്നിത്തങ്കലർന്നീടിന വികൃതികളോ-
ടായിടഞ്ഞാലുമേവം
സ്വാന്തോന്മാദം വരുമ്മാറവരമളി പിണ-
ച്ചീടുമെന്നുണ്ടു കേൾപ്പു.


വിവരം മുഴുവൻ കാണി-
ച്ചവികലബുദ്ധേ! കുറിച്ച കുറിമാനം;
തവ കയ്യക്ഷരമായി-
ട്ടിവനു ലഭിപ്പിപ്പതിന്നൊരഭിലാഷം.