Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 49

49

കൊടുങ്ങല്ലൂർ 16-12-66


വന്നെത്തി ഞാനിഹ സഖേ! മിനിയാന്നു സന്ധ്യ-
യ്ക്കെന്നാൽത്തളർച്ചയൊടുമിന്നലെ മൌനമാർന്നേൻ,
ഇന്നൊന്നുറങ്ങിയെഴുനേറ്റിത തൂവലേന്തി-
ത്തോന്നുന്ന മട്ടിലെഴുതാൻ തുടരുന്നു കാര്യം.


ഭാഗ്യഞ്ചേർന്ന ഭവാൻ കൃതിച്ച ഭഗവ-
ദ്ദൂതാഖ്യമാന്നാടകം
യോഗ്യത്വം പ്രിയമെന്നു തൊട്ടവയെഴും
വഞ്ചീശ്വരീശന്നഹോ
നോക്കാൻ വേണ്ടിയയച്ചിതോ, ക്ഷിതിവരൻ
വായിച്ചിതോ, തെറ്റു താൻ
പൊക്കിച്ചോട്ടിൽ വരച്ചിതോ, സമുചിതം
സമ്മാനവും തന്നിതോ?


ഇരിപതുറുപ്പിക നന്നായ്
നരവരനങ്ങയ്ക്കിതച്ചടിച്ചിടുവാൻ
വിരവൊടു കല്പിച്ചെന്നാ-
യൊരു വെടികേട്ടേനതൊട്ടു ശരിയാണോ?


ഞാനീയ്യിടെത്തവ വിലോകനമായതിന്നായ് -
ത്താനേ വരേണമവിടെയ്ക്കിതി വച്ചിരുന്നേൻ;
താനേ ഭവാനിഹ വരും ഭജനത്തിനെന്നായ്
സാനന്ദമിന്നു മമ യാത്ര മുടക്കമാക്കി.


പതിനെട്ടാന്തീയ്യതിയി-
ക്ഷിതിപൃഷ്ഠം പുണ്യമാക്കിടുന്നവിധം
അതിതുഷ്ടിയോടങ്ങ വരു-
ന്നതു കേട്ടന്നാളിനായ്ക്കൊതിയ്ക്കുന്നേൻ.


സഖിത്വമേറുന്ന ഭവാൻ ശരീര-
സുഖത്തോടും ചേർന്നിഹ വന്നുവെന്നാൽ
മുഖസ്തുതിയ്ക്കായ്പ്പറകല്ല ശേഷം
മുഖത്തുനോക്കിപ്പറയാം നമുക്കു്.