Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 46

46

കൊടുങ്ങല്ലൂർ 29-ഇ-66


കഷ്ടിച്ചൊപ്പിച്ചുമാറീ കവികളണിമണേ!
നാടികാങ്കങ്ങൾ നാലും
തട്ടിച്ചിന്നുന്ന ദോഷം മുഴുവനുമധുനാ
കൊച്ചുകൊച്ചുണ്ണിഭൂപൻ
ഒട്ടിഛയ്ക്കൊത്തവണ്ണം പരിചൊടു പരിശോ-
ധിച്ചിടുന്നുണ്ടു തട്ടി-
പ്പൊട്ടിച്ചീടേണ്ടിവന്നാലതു കളവനഹം
പിന്നെ നന്നാക്കിനോക്കാം


വിപ്രവര്യ! ഭവദുക്തിപോലെ ഞാൻ
വിപ്രലംഭവിഷയം മഹാമതേ!
കെല്പിലിട്ടിഹ പരത്തിയില്ല മൽ-
ക്കല്പിതപ്രകൃതഭംഗഭീതിയാൽ


കിട്ടയ്യൻ തവ നാടകം വടിവൊടും
ബുക്കിൽപ്പകർത്തുന്നതു-
ണ്ടൊട്ടൊട്ടിങ്ങിഹ മാറ്റി മഞ്ജുമതിമാൻ
കൊച്ചുണ്ണിഭൂപാലകൻ;
തുഷ്ടിപ്പെട്ടൊടുവിൽ സ്വബുദ്ധിയിലുദി-
ച്ചീടുംവിധം സർട്ടിഫി-
ക്കെട്ടും തീർത്തെഴുതീ സുരമ്യകവിതാ-
സാരസ്യസാരാംബുധേ!


പ്രൌഢകവിപ്രകരമണേ!
നാടിക നന്നായ് പകർത്തി വൈകാതെ
ചാടുമതേ! വിട്ടീടാം
ഗൂഢതയില്ലെന്റെ കമ്പമതിനുമിഹ.


അതു വൈകാതച്ചിവിടു-
ന്നതിനു വിചാരിച്ചിടുന്നതുണ്ടിഹ ഞാൻ;
മതിമൻ! താൻ കണ്ടാലേ
മതിയാവൂ മനസിതൃപ്തിയ്ക്കു്.


പക്ഷേ കൊണ്ടുവരാം ഞാ-
നാക്ഷേപം തീർത്തു താങ്കൾ തന്നാകിൽ
തൽക്ഷണമച്ചടിയായി സ-
ല,ക്ഷണമതിനായിടുത്തു വകവച്ചേൻ.