Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 45

45

കൊടുങ്ങല്ലൂർ 3-എ-66


അങ്ങു നമുക്കെഴുതീടിന
ഭംഗിയെഴും കത്തു നമ്മൾ കയ്പറ്റീ;
മംഗളകീർത്തേ! വരുവൻ
മങ്ങാതെ ഞാൻ! മുറയ്ക്കു മറന്നാൾ


സദാ ഭവാൻ നാടകലേഖനത്തി-
ലുദാരഭാവത്തൊടു വാഴ്കയാലേ
മുദാ സഖേ! ഞാനെഴുതുന്നതായാൽ
തദാ തദല്പം പ്രതിബന്ധമല്ലേ?


എന്നു വിചാരിച്ചാണി-
ങ്ങൊന്നും മിണ്ടാതിരുന്നതിത്രദിനം;
എന്നല്ലെന്നുടയോരി-
ക്കന്നക്കവിതാപ്രബന്ധമതുമുണ്ട്.


കഷ്ടിച്ചു രണ്ടങ്കമതോളമിപ്പോൾ
കെട്ടിച്ചമച്ചേനൊരു നാടികാർദ്ധം;
തട്ടിച്ചുചൊല്ലും മൊഴിയല്ല വല്ല
മട്ടിഛ സാധിക്കുകിലെന്റെ ഭാഗ്യം.


വരുമ്പൊൾ ഞാനായതു കയ്യിലേന്തി-
യിരിക്കുവാനും മതി മാന്യകീർത്തേ!
തരം കിടച്ചാൽ തവ പാർശ്വഭാഗ-
ത്തിരുന്നു മേൽപ്പോട്ടെഴുതാമതല്ലോ.


താങ്കൾ കൃതിച്ചൊരു കാവ്യ-
ത്തങ്കം വേഗത്തിലച്ചടിപ്പിച്ച്
അങ്കുരിതരസം കാണ്മാ-
നെങ്കലെഴുങ്കുതുകമെന്തു പറയേണ്ടു?


ഇനിയെല്ലാം കാണുമ്പോൾ
മനുജരിൽ മാനം വിളങ്ങിടുന്ന കവേ!
ഞാനൊരുമിച്ചങ്ങുവരും
കൂനെഴുതെന്നുള്ള വീട്ടിലെപ്പരമു.