കൊടുങ്ങല്ലൂർ 11-മേ-66
ഇന്നു ഞാനിവിടെ വന്നവാറുടൻ -
തന്നെ കിട്ടി തവ കത്തു കൈയ്തലേ;
ധന്യസൽകവികദംബമൌലിയിൽ
തന്നെ മിന്നുമൊരു മുത്തുരത്നമേ!
വെള്ളാരപ്പിള്ളിലാവെണ്മണി ധരണിസുര-
ന്തന്റെ സന്ദശനത്തി-
ന്നുള്ളോരാച്ചാർച്ചയും വേഴ്ചയുമിവ നിരുപി-
ച്ചിട്ടു ഞാൻ പോയിരുന്നു;
കൊള്ളാം ഭോഷ്കും വെടിയെന്നൊരു പൊളിപറക-
ല്ലായവക്കോർക്കിലിപ്പോ-
ളുള്ളോരാവർത്തമാനം ശിവശിവ! പറയാ-
വല്ലഹോ കഷ്ടമത്രേ
ഈയ്യിടെക്കാരണോർസ്ഥാനം
കയ്യു കേറി വിളങ്ങുവോൻ
അയ്യോ കുഞ്ചുമഹീദേവൻ
പൊയ്യല്ലേ മൃതനായിതേ.
തലയിൽതട്ടി പിടിച്ചതി-
കലശലതായ്ക്ക് ക്ഷണികമൊത്തു മരണമഹോ!
വലയുന്നുണ്ടവർ കാര്യം
തലയിൽ വഹിപ്പാനൊരാളുമില്ലാതേ
കുഞ്ചുണ്ണി നമ്പൂതിരി മൂപ്പുകിട്ടി-
യഞ്ചുന്നു കാര്യങ്ങൾ നടത്തുവാനും;
അഞ്ചാറു പേരുള്ളവരൊക്കെയോരോ-
തഞ്ചത്തിൽ നിൽപ്പാൻ വഴിനോക്കിടുന്നൂ.
ഇങ്ങിനെയേവരുമൊഴിവാ-
യങ്ങിനെ നിന്നെങ്കിലിന്നി മേൽക്കാര്യം
എങ്ങിനെ നടക്കുമെന്നാ-
ണിങ്ങിനി നോമോർത്തു കേണിടേണ്ടതെടോ.
കൃഷ്ണദൂതമൊരു ബുക്കു ഭവാനായ് -
ക്കഷ്ണമേതുമണയാതെ തരാം ഞാൻ;
തൃഷ്ണയോടുമതു നോക്കുകയെന്നാൽ
കഷ്ണമൊട്ടു കുറയും കൃതിചെയ്‍വാൻ.
കുന്തീസുതന്മാർ വനവാസമാകും
സന്താപമെന്തീട്ടുഴലുന്ന കാലം
കുന്തിയ്ക്കു വാസം വിദുരന്റെ വീട്ടിൽ-
ത്താന്തത്ര മറ്റാരൊരു ബന്ധുവുള്ളൂ?
അങ്കമിനിയുള്ളതെല്ലാ-
മങ്കിതകീർത്തേ! ഭവാൻ കൃതിച്ചാലും
ഞാങ്കഴിയുമ്പോഴയ്ക്കും
താങ്കളെഴും ഭവനമായതിങ്കൽ വരാം.
എന്നാൽ സഖേ! മുഴുവനും മുറപോലെ നോക്കി
നന്നാക്കിയസ്സലെഴുതീട്ടതു കൊണ്ടുവന്നു
നന്ദിപ്പെഴും കവികളെപ്പലരേയുമേറ്റം
നന്ദിച്ചിടുംപടി വിളിച്ചു തെളിച്ചു കാട്ടാം.
അതല്ലയോ നല്ലതു താങ്കൾ ചൊല്ലു-
കതല്ലയെന്നാൽ പറയുംപ്രകാരം
ഇതാ വരാം ഞാൻ മടികൊണ്ടമാന്തി-
ച്ചതെന്നു ചെറ്റും നിരുപിച്ചിടൊല്ലേ.
മധുരാശിയാത്ര കബളിച്ചിടാനുമെൻ-
മധുരാകൃതേ! തരമതായി വന്നു മേ;
മധുരാശിയല്ല സുധയും വണങ്ങിടും
മധുരത്വമാർന്ന വചസാം പയോനിധേ!