കൊടുങ്ങല്ലൂർ 9-02-66
കിട്ടീ ഭവാനുടയ കത്തതിനുള്ളിൽ വച്ചു-
തട്ടീടിനോരു കറി "മത്തനു" നൾകിടാം ഞാൻ;
കൂട്ടിത്തകർത്തോരു ഭവൽസ്തുതിവാചകങ്ങൾ
കേട്ടിത്തിരിയ്ക്കു ഞളിയും കളിയല്ല മത്തൻ
നിസ്സാരരായ കവിബാലരൊടെത്രതന്നെ
ഭിസ്സാണു തന്റെ കൃതിയെന്നു മുറിഞ്ഞു ചൊന്നാല്‍
ഉത്സാഹഹാനിയൊടു സങ്കടമായ് കൃതിപ്പാ
നുത്സാഹിയാതിരുമിങ്ങിനെതന്നെ വേണം.
നാടകമൊക്കെപ്പുകഴും
പ്രൌഡകവിശ്രേഷ്ഠ! നന്നു തവ വാക്യം;
നാടകമുണ്ടാക്കിടുവാൻ
മുഢകനാം ഞാനടുക്കൽ വേണോ തേ.
അതിനല്ല ഭവാനൊടൊത്തു വാഴു-
ന്നതിനായിട്ടവിടയ്ക്കു വന്നിടാം ഞാൻ;
ഇതിനുൽക്കടവിഘ്നമൊന്നുമെത്താ-
യ്‍വതിനായീശ്വരിതാൻ തുണച്ചുവെങ്കിൽ.
മധുരാശിയാത്രയിഹ മേ കുടുങ്ങുമോ
മധുരാശി യാത്രതുടരും വചോനിധേ
അതു തട്ടിവിട്ടു കബളിച്ചുനോക്കിടാം
ബത തുഷ്ടിവിട്ടു നൃപനോതിടാതെ ഞാൻ.
ആട്ടേ കാവിൽ ഭജിപ്പാനഴകിയൊരു ഭവാ-
നെന്നഹോ വന്നിട്ടും കേൾ-
ക്കട്ടേ ഞാനീയ്യിടയ്ക്കാണതുമിതി വരികിൽ-
തോഴരേ! ഞാൻ വരേണ്ടാ;
മട്ടേറെത്തന്നെ മട്ടുന്തവ കൃതിദയിതോ-
ഷ്ഠങ്ങൾ സേവിച്ചു കൊങ്ക-
ത്തട്ടേറിത്തന്നെ പാർക്കാമിരവുപകലിതും
നല്ല സന്തോഷമല്ലേ?