Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 41

41

കൊടുങ്ങല്ലൂർ 66 മേടം 7


എന്താണീയ്യിടെ നന്ദിയോടു നടു-
വത്തച്ഛൻ കൃതിച്ചുള്ളിളം-
തേൻതൂകും കൃതി കണ്ടിടാത്തതവിട-
യ്ക്കുത്സാഹമില്ലായ്കയോ?
ഞാൻ തെല്ലീവിധമുള്ളിലോർത്തു പുനരു-
ണ്ടായി വിവേകം ഭവാ
നേന്തും വാശിവളർന്ന നാടകമെഴു-
ത്തിങ്കൽ തിരക്കല്ലയോ?


എങ്കിലുമിടയ്ക്കു സദ്രസ-
പങ്കിലപദ്യങ്ങൾ കണ്ടതില്ലെങ്കിൽ
സങ്കടമാണിഹ കവികുല-
സങ്കടപദപീഠപീനകീർത്തിനിധേ!


സുജനതിലകമേ മേ സാമ്പ്രതം ഭദ്രകാളീ-
ഭജനമതു കഴിഞ്ഞിട്ടുള്ളനാളാകമൂലം
പ്രജനിതപുരുസൌഖ്യം വല്ലഭാവിദ്ധതാല-
വ്യജനപവനപോതാലൂതിസംപ്രീതിയാണ്.


അതുകൊണ്ടിവിടം വെടിഞ്ഞു ദൂര-
സ്ഥിതികൊണ്ടുള്ള രസം കുറച്ചുപോലും
അതി കൊണ്ടുപിടിച്ചുനോക്കിലും മേ-
ഹൃദി കൊണ്ടീടുവതില്ലദാരബുദ്ധേ!


എന്നല്ലിനിയ്ക്കു മധുരാശിയിലേയ്ക്കു യാത്ര-
യിന്നല്ല പത്തുദിവസത്തിനകത്തു പറ്റും
എന്നാണൊരൂഹമവിടത്തിലെഴുന്ന മാട-
മന്നായതിന്നുടെ മഹേന്ദ്രവരാജ്ഞമൂലം.


ഇടവമാസമതിൽ ഭവദന്തികേ-
യിടവരാതവരില്ല വരാൻ ദൃഢം;
വടിവൊടായതിനുള്ളിലിനിയ്ക്കുക-
ന്നിടവിടാനിടയായിടുമീവിധം.