Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 40

40

കൊടുങ്ങല്ലൂർ 30-മീ-66


ഇങ്ങോട്ടയ്ക്കുയി ഞങ്ങൾ പോരുമളവാ-
കാശത്തു കാറുള്ളത-
ന്നങ്ങയ്ക്കും തിരിയുന്നതിന്നു വഴിയു-
ണ്ടല്ലോ, കുറേപ്പോന്നതിൽ
മങ്ങിപ്പോയി മനസ്സൊടും പകലിരു-
ട്ടെത്തീ സഹസ്രാംശുവും
മുങ്ങിപ്പോയി പരന്നു പൊങ്ങിന പടി-
ഞ്ഞാറെപ്പയോരാശിയിൽ.


മാളയിലിരുട്ടു പാരിൽ
പാളിയതിൽപ്പിന്നെ ഞങ്ങൾ ചെന്നിട്ടു്
ആളെയുമുണ്ടാക്കിപ്പര-
മാളിയ ജവമോടു വഞ്ചിയിൽപ്പോന്നൂ


പരപ്പിലാമാപ്പിള വഞ്ചിയീച്ചര-
പ്പരപ്പിലെത്തിച്ചൊരു നേരമീശ്വരാ!
ഉറച്ചിരിപ്പാൻ പണിയായി കാറ്റിനാൽ
വിറച്ചുപോയ് പേടിയിലും തണുപ്പിലും


കൊടുങ്ങല്ലൂരെന്നീക്കരയരികിലാ-
യപ്പൊഴുതിലോ
തുടങ്ങീല്ലോ പാരം പെരിയ മഴയും
ഞട്ടുമിടിയും
നടുങ്ങിപ്പോയീയുള്ളവരു,മവനും
കാര്യമിവിടെ
നടുങ്ങിപ്പോയെന്നായ് കരയിൽ, മരിയാ-
തെത്തിയൊടുവിൽ.


കടന്നു വഞ്ചിക്കടവിൽ കുറച്ചൊ-
ന്നടങ്ങിടട്ടേ മഴ യാത്ര പിന്നെ
മടങ്ങിയെന്നോതി നൃപന്റെ ബോട്ടിൽ
ക്കിടന്നു ഞാൻ മറ്റവരുന്തഥൈവ.


വൃഷ്ടിയടങ്ങിയനേരമി-
രുട്ടെന്നാലും നടന്നിവിടെയെത്തീ;
പെട്ടെന്നു സാന്ധ്യവിധിയും
മുട്ടിച്ചീടാതെ ഞങ്ങളൊപ്പിച്ചു.


ഇങ്ങിനെയന്നത്തെക്കഥ-
യിങ്ങിനിയോതാൻ വിശേഷമില്ലൊന്നും;
എങ്ങാനുമതുണ്ടായാൽ
മങ്ങാനിടവച്ചിടാതുടനയയ്ക്കാം.


P. S.


ഭാരതതർജ്ജമയെന്നൊരു
ഭാരം തലയിൽ കരേറിടും പക്ഷേ
ഭാരതി നാവിൽ കൃതിസം-
ഭാരമ്പൊടിയുംവിധം വിതയ്ക്കട്ടേ.


നന്നായ്നിദാനം തവ പാദമോർത്തു
വന്ദിച്ചു വാഴുന്നൊരിവന്റെ നേരേ
തോന്നാത്തതെന്തേ കരുണാവലേശ,-
മിന്നുള്ളതോതേണമിവന്റെ തെറ്റോ?


അങ്ങുന്നു ദേവീഭജനത്തിനായി-
ട്ടിങ്ങൊന്നു വന്നീടുമതെന്നു കേട്ടു
തിങ്ങുന്നു മോദം മമ മാസസേ സൽ-
സംഗം നിനച്ചുള്ള രസത്തിനാലേ.