Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 36

36

കൊടുങ്ങല്ലൂർ 30-7-66


ചൊവ്വായതില്ലിതവിവേകമസഭ്യമായീ-
ഗ്ഗർവ്വായി നമ്മൊടു കടന്ന പറഞ്ഞതെന്നായ്
ഭവ്യത്വമോടുമിടയേണ്ട ഭവാ,നിനിയ്ക്കു
നിർവ്വാഹമില്ല ഭരണിയ്ക്കിതു ചട്ടമാണ്.


ഉന്നംവച്ചരികത്തുചെന്ന കവിത-
ക്കാർക്കൊട്ടു കൂട്ടാക്കിയാൽ
മുന്നം ചാടി മനോരമയ്ക്കുകമണ-
ഞ്ഞോരാവരാപാംഗിയെ
ഇന്നെന്താണിഹ കണ്ടിടാതെവരുവാൻ
ഞാനന്നു സമ്മാനമൊ-
ന്നൂന്നിക്കാട്ടിയ കണ്ടു കൂട്ടരധികം
പേടിച്ചു മിണ്ടായ്കയോ?


കുഞ്ഞൻ തമ്പാൻ മടങ്ങിക്കുശലമതി മഹൻ-
തന്നെ വേഗം വണങ്ങി-
ബ്ഭഞ്ജിക്കും ഭള്ളു മങ്ങിബ്ഭരിതവിനയനാ-
യിട്ടു പേടിച്ചടങ്ങി,
രഞ്ജിയ്ക്കുമ്മട്ടിലങ്ങീ രസികനെയിനിയും
ചാടിവീഴിയ്ക്കു നീങ്ങി-
സ്സഞ്ജാത പ്രീതി തിങ്ങിസ്സരസമഥ സഖേ!
നോക്കു കാണാമൊതുങ്ങി.


അമ്മയ്ക്കുള്ളൊരു ദീനമെന്തു നിലയാ-
യിട്ടാണിദാനീം സഖേ!
നൊമ്മൾക്കൊത്തൊരുമിച്ചു ലാക്കുവരുമോ
കാശിയ്ക്കു പോയീടുവാൻ?
ചെമ്മേ ദീക്ഷകഴിഞ്ഞു പിന്നെവരുമാ-
ചിങ്ങത്തിലേ പോയിടു-
ന്നമ്മാമൻ ഗുരുനാഥനൊത്തു ദൃഢമീ-
ഞാനും പുറപ്പെട്ടിടും.


ഇല്ലത്തേക്കൃഷിയൊക്കെയെന്തു കഥയാ-
ണ്ടീയ്യാണ്ടു ചിന്തിയ്ക്കുകിൽ
ചൊല്ലത്തക്കൊരു ലാഭമുള്ളനിലയോ
കണ്ടാൽ കുറേ മോശമോ
വല്ലാത്തക്കഷണിപ്പിലായിവരികി-
ല്ലല്ലോ പരം നിത്യത-
യ്ക്കെല്ലാത്തിന്നുമന്ദകീർത്തിലഹരീ-
ക്ഷീരാബ്ധികല്ലോലമേ!


നമ്മുടെ നാരായണനുടെ
സമ്മാർവെക്കേഷനായ കാലത്ത്
നന്മയിൽ മേടമതിൽത്താൻ
ചെമ്മേ ചാലക്കുടിയ്ക്കു വരുവൻ ഞാൻ.


മുമ്പു കഴിഞ്ഞ മനോരമ-
യമ്പിൽ കവിവരർ പുലർച്ച വർണ്ണിപ്പാൻ
സമ്പ്രതി വിളിച്ചു ചൊന്നതു
സംഭൃതകവിതാമൃതാർദ്ര! കണ്ടില്ലേ?


കണ്ടീടുന്ന മനോരമയ്ക്കു മുഴുവൻ
തൻപദ്യമേകിപ്പരം
കൊണ്ടാടുന്ന ഭവാനിതൊന്നു വിടുമെ-
ന്നോർത്തല്ല ചൊല്ലുന്നതും
വേണ്ടീടുന്ന വെടിപ്പുചേർത്തു സരസം
ശങ്കണ്ണിയും താങ്കളും
കണ്ടേടം കമനീയമാക്കിയെഴുതാൻ
കാണിച്ചതാണിജ്ജനം.