കൊടുങ്ങല്ലൂർ 28-7-66
ആദ്യം താൻ നളനായിരുന്നു സുകവേ!
ചൊല്ലേറിടും "കേശവൻ",
വിദ്വൻ! പിന്നെ യുധിഷ്ഠിരൻ, ലളിതയായ്
പിട്ടല്ല പിറ്റേദ്ദിനം,
ഹൃദ്യശ്രീഹനുമാനുമായഥ സഖേ!
പിന്നീടു പുഷ്പാശുഗോൽ-
ഭിദ്യൽകീചകനേവമീക്ഷിതമതായ്
നാലഞ്ചു വേഷം രസാൽ,
ആവിഷ്ടഃ കലിനേതിതൊട്ടു നളവേ -
ഷത്തിങ്കലെക്കൌശലം
ഹേ വിദ്വാൻ! രസഭേദഭാവഗതിയും
സ്ഥായിയ്ക്കു മായായ്കയും
ഭാവങ്ങൾക്കതിഭംഗിയും ഭരിതസ-
ന്തോഷേണ കൊണ്ടാടി സൽ-
ഭാവം പൂണ്ടൊരു കോടിലിംഗപതിയാം
കൊച്ചുണ്ണിരാജൻ സഖേ!
യുധിഷ്ഠിരാകാരവുമേറെ നന്നാ-
യതിന്നുമില്ലേ കുറവൊന്നുമോതാൻ
ഇതിങ്കൽ നന്നായിയതാദ്യമാണ്
മതിച്ചിതാലസ്യമൊടുക്കമല്പം.
ലളിതകെട്ടിയതെത്ര വിശേഷമായ്
ലളിതകീർത്തീനിധേ! പറയാവതോ!
കലിതവൈകൃതമാങ്കരിവേഷവും
കളിയതില്ലിതുപോലെനഭീഷണം.
ഹനുമാനുടെ വേഷവും വിശേഷം
കനമേറുന്ന ഗഭീരഭാവരമ്യം
അനുജത്വമെടുത്ത ശേഖരന്നും
മനതാരിൽ ഭയമായതല്ല കഷ്ടം.
അമ്പമ്പാ കീചകൻതൻ വടിവഴകിലെടു-
ത്തിട്ടു കാണിച്ച കാമ-
ക്കമ്പം പാരം മഹത്വം ശിവശിവ പറവാൻ
വയ്യ ചാകുന്നനേരം
ഡംഭമ്പാളാതെ കാമാർദ്രത പടയിൽ രസം
ചാവലെന്നാൽ സ്വയം തോ-
റ്റമ്പും പാടേ നടൻ മാധവനുമിവ നടി-
യ്ക്കുന്ന ഭാഗം നിനച്ചാൽ.
വശീകൃതാശേഷകവീന്ദ്രവംശ-
വിശാലസന്മൌക്തികശുകീഝർത്തേ!
വിശന്നിടുന്നുണ്ടതുകൊണ്ടസാര
മശിച്ചിടട്ടേ മതിയാക്കിടട്ടേ.