Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 33

33

കൊടുങ്ങല്ലൂർ 18-7-66


ഛിന്നന്റെ ശക്തിയിടചേര്‍ന്നു മഹാൻ വലിച്ചി-
ട്ടെന്നമ്മതന്നുടയൊരമ്മ കുഴങ്ങിടുമ്പോൾ
വന്നെത്തി താങ്കളുടെ കത്തതിനുത്തരത്തെ-
യന്നെത്തിയില്ലെഴുതുവാൻ വെളിവപ്പൊളുണ്ടോ?


ദീനം പൊടുന്നനവെയെത്തിയതാകയാലേ
ഞാനായതോതിയതുമില്ല ഭവാനു കത്തിൽ;
ദാനാദിയൊക്കെയൊരുമട്ടു കഴിച്ചു ദിവ്യ-
സ്ഥാനം കരേറിയവിടുന്നു ശുഭേ മുഹുര്‍ത്തേ.


"ഭാഗ്യാലല്ലോ രുജയ്ക്കും കലി”തമഹിമയു-
ണ്ടായിവന്നില്ല പുണ്യ-
ശ്ലാഘ്യശ്രീഭീഷ്മർ ഭൂവിട്ടൊരു ശുഭതിഥിയിൽ
"കൊച്ചുമുത്തശ്ശി താനും
ലാക്കിൽ സ്വര്‍ഗ്ഗം ഗമിച്ചാൾ; സകലസമയവും
രാമ നാമം ജപിയ്ക്കു-
ന്നോര്‍ക്കുണ്ടോ മൃത്യു കാലത്തിലുമഴ,ലഖിലം
ചെയ്തതും ദൈവമെന്നാൽ.


അശാന്തവൈരാഗ്യമിനിയ്ക്കുമന്നാ-
ശ്മശാനകർമ്മം മുതലുള്ളിൽ വന്നു;
നശിച്ചുപോയ്മിക്കതുമിപ്പൊൾ മായാ-
പിശാചി ബാധിയ്ക്കുകകാരണത്താൽ.


വിജ്ഞാനഛായ മാഞ്ഞൂ വികലവിഷയവി-
ഭ്രാന്തി താനേ തെളിഞ്ഞൂ
അജ്ഞാനത്തെക്കടഞ്ഞൂര്‍ന്നൊരു മറിമഷികൊ-
ണ്ടിട്ടു മേൽപ്പട്ടെറിഞ്ഞൂ
പ്രാജ്ഞന്മാരായവര്‍ക്കും വികലത പരമു-
ണ്ടാക്കുമിക്കാര്യമെന്തോ
ദുർജ്ഞേയം ദുര്‍ന്നിവാര്യം വിഷമമതൊഴിവാ-
ക്കീടുവാനേവരാലും


പോട്ടേ പണ്ടത്തെമട്ടായി-
ക്കൊട്ടേ നമ്മുടെ ചേഷ്ടകൾ;
ആട്ടേ നൽപുണ്യമുണ്ടെന്നാ-
ലാട്ടേ നന്നാകുമിന്നിമേൽ.


ഉരുകീർത്തിസാരജലധേ! മനസ്സിൽ വ-
ന്നുരുകിത്തെളിഞ്ഞ മമതാമഹോദയാൽ
പെരികെത്തഴച്ച പരമാദരത്തോടും
മറുകത്തു കാത്ത മരുവുന്നു ഞാനെടോ.