Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 30

30

കൊടുങ്ങല്ലൂർ 20-6-66


ഞാനാമോദമൊടിപ്പൊഴെൻ പകലുറ-
ക്കത്തിൽ ഭവദ്ദര്‍ശനം
താനേ ചെയ്തു പറഞ്ഞു താങ്കൾ "സുകവേ!
ലക്കോട്ടു കിട്ടീല മേ;
സാനന്ദം സുമതേ! ഭവാനു മടിയു-
ണ്ടെന്നാൽ 'തരില്ലെ'ന്നു ചൊൽ-
കൂനംവിട്ടു പണംകൊടുത്തിവിടയും
വാങ്ങാമതെ”ന്നിങ്ങിനേ.


"അയ്യോ ഞാൻ തരികില്ലതെന്നു കരുതീ-
ടുന്നില്ലതെന്നല്ല കേൾ
പൊയ്യോതീടുകയല്ലിതഞ്ചൽ വഴിയായ് -
നാളെത്തരാം നിശ്ചയം"
പയ്യന്നിങ്ങിനെ ഞാൻ പറഞ്ഞിടുമിട-
"യ്ക്കെന്തെന്തുറങ്ങീടുവാൻ
വയ്യിന്നീപ്പകലെന്നു'ന്നുണർത്തി വികടം
കാട്ടുന്ന നാരായണൻ.


അതുകൊണ്ടിതയച്ചിടുന്നു പാരം
പ്രതികൊണ്ടീടുക വേണ്ട വേണ്ടപോലെ
മതികൊണ്ടു തെളിഞ്ഞ പദ്യമിന്നി-
ശ്ശിതികണ്ഠാഭയാശാനിധേ! വിടേണം.


നാമുണ്ടാക്കിയ "ദക്ഷയാഗശതകം"
ബുക്കിപ്പൊൾ രണ്ടില്ലയോ
പ്രേമംപൂണ്ട ഭവാന്റെ കൈവശമതിൽ
ഭാഷാകവിന്ദ്രപ്രഭോ!
സാമോദം മകനാ“മ്മിടുക്ക”നതിലൊ-
ന്നങ്ങുന്നു നൾകീടണം
നാമം നമ്മുടെ ചൊല്ലി വേണമതു സ-
മ്മാനിയ്ക്കുവാനും സഖേ!


നാടകം വല്ലതും തീര്‍ക്കു-
കൂടുകണ്ട കവിപ്രഭോ!
കേടകന്ന കവിത്വത്തെ
മൂടുകിൽ പന്തിയല്ലെടോ.