കൊടുങ്ങല്ലൂർ 27-5-66
പെറ്റീടും പ്രേമരാശേ! പെരിയ രസമൊടും
താങ്കൾ വിട്ടോരു പത്രം
തെറ്റീടാതിങ്ങു കിട്ടീ തെളിവൊടുമതിനോ-
ടൊത്തു സാരസ്യരാശേ!
പോറ്റീടും ഭംഗിയോടും പൊടിരസവിസര-
ത്തോടിണങ്ങും മുരിങ്ങർ
പോറ്റീശൻ തന്റെ ബുക്കും കവികളണിമണേ!
കിട്ടി പിട്ടല്ലിതൊട്ടും
കേളിതു കചേലവൃത്തം
കേളിയ്ക്കായാൾ കൃതിച്ചു കഥകളിയായ്
കേളീരസമുണ്ടതിലയി!
കേളിതെളിഞ്ഞുള്ള കവികൾ മകുടമണേ!
വിശാലബുദ്ധേ! മമ ബുദ്ധിവച്ചു
വിശോധനയ്ക്കാണതയച്ചതായാൾ;
അശേഷമായമ്പൊടു മറിച്ചുനോക്കി-
യശേഷമങ്ങോട്ടു ഭവാനയയ്ക്കാം
ഭരണിക്കാലവുമിപ്പോൾ
വരണോരു താലപ്പൊലിക്കു ചേർന്നാവാൻ
തരുണീമണികവയിത്രീ
ശരണം കര്‍ത്താവതാണു മൂലമെടോ
കുണ്ടൂ ർനാരായണൻതന്നൊടു കതുകമൊടീ-
യെന്റെ പേര്‍ക്കായടുത്തി-
ക്കണ്ടാത്താലപ്പൊലിക്കായിവിടെ വരുവതി-
ന്നായ് ക്ഷണിച്ചീടവേണം;
വേണ്ടീടും വേഴ്ച കൈക്കൊണ്ടൊരുവനെഴുതിയാ-
ലുത്തരം ചൊല്ലിടാതെ-
കണ്ടീ മൌനവ്രതംപൂണ്ടവനൊടു ലിഖിതം
കൊണ്ടു മിണ്ടില്ലെടോ ഞാൻ.
രാജാവിനെക്കണ്ടിടുകിൽ ഭവാൻ ഹേ
രാജാഭിരാമോത്തമ കീർത്തിമൂര്‍ത്തേ!
വ്യഞ്ജംവിനാ ഞാൻ കുശലങ്ങളേ നിർ-
വ്യാജം കഥിക്കുന്നുവതെന്നു ചൊൽക.
തരമാകിൽ ശങ്കുണ്ണിയെ
വിരവൊടു താലപ്പൊലിയ്ക്കയക്കേണം;
പരമിതു വീണ്ടുമുരയ്ക്കു -
ന്നൊരു വാക്കിനു വേഴ്ചമൂലവേരാണേ
കിടങ്ങനാം വിഷ്ണു കടത്തിവച്ചു
തുടങ്ങിയല്ലേ കവിതാപ്രയോഗം
മിടുക്കനിങ്ങോട്ടു വരുംപൊഴൊന്നി-
ച്ചടുക്കിലായാളെയുമുന്തിനീക്കൂ.