കൊടുങ്ങല്ലൂർ 22-5-66
പാരം പാരിച്ച പഥ്യത്തൊടു പരമരസം
പെയ്തിടും പദ്യജാലം
ചേരും പത്രം ലഭിച്ചു തവ മമ മതിമൻ!
കയ്മൾതൻകത്തിനോടും;
പോരും പോരും പുകൾത്തുന്നതു മതി സിതര-
ത്നാവനീദേവനെന്നേ
നേരം പോക്കായുമൊപ്പം പറയരുതിതി കാ-
ണിച്ചതും കാര്യമത്രേ
എന്നാലൊന്നുണ്ടു ചൊൽവാൻ കവികളതിശയോ-
ക്തിക്കു ഭോഷ്കും കഥിയ്ക്കും;
"നിന്നാസ്യം പത്മമാണല്ലമലകമലവി-
ദ്വേഷി വെൺതിങ്കളാണ്";
എന്നും മറ്റും ചിലപ്പോൾ ചില തരുണികളെ-
ക്കൊണ്ടു വാഴ്ത്തിബ്ഭവാനും
തോന്നുന്നില്ലേ കവീന്ദ്രാഭരണമണികിരീ-
ടാര്യ്യവൈഡൂര്യഹീര!
കൊള്ളാം കയ്മടെ നാട്ടിലേക്കമനിമാർ-
ക്കെല്ലാർക്കുമായാൾ കൃതി-
ച്ചുള്ളാലേ തുണചെയ്തതച്ചടികഴി
പ്പിപ്പാൻ പുറപ്പെട്ടിതോ?
ഉള്ളിൽ തെല്ലനുരാഗമുള്ള ബലമാർ-
ക്കായിത്തുണയ്ക്കുന്നിതോ
കള്ളപ്പേരു പതിച്ചയച്ച കൃതി കാ-
ണട്ടേ മുറക്കിജ്ജനം.
... ... ... ... ... ... ... ... ... ... ... ... ... ...
... ... ... ... ... ...
... ... ... ... ... ... ... ... ... ... ... ... ... ...
... ... ... ... ... ...
എപ്പോളെങ്കിലുമിപ്രകാരമുരചെ-
യ്തെന്നാൽ കണക്കാക്കിടും
കുപ്പപ്പെണ്ണിനു കഷ്ടമേ കവിതയു-
ണ്ടാക്കുന്നിതോ നന്നിതും.
പടിപ്പുണ്ടാകേണം പരമരസികന്മാർകളിടയിൽ
കിടപ്പുണ്ടാകേണം കിമപി കവിതക്കെന്നിതൊഴികേ
നടപ്പം മണ്ണുപ്പിൻ പരിവൃഢനൊടൊത്താകുമവരും
വെടിപ്പായ പദ്യം തീർപ്പതു കപടമെന്നാര്‍ക്കുമറിയാം.
കുഞ്ഞൻതമ്പാനച്യുത-
മഞ്ജുളകവിവരനയയ്ക്കുവാനായി
പഞ്ഞം വിട്ടു കുറിച്ചതു-
ടൻ ഞാൻ കാത്തുള്ളിലേക്കുമെത്തിച്ചേൻ.
കണ്ടൂരിനീഞാനിവിടുന്നു പോയി-
ക്കൊണ്ടോരു ശേഷത്തിലിതേവരയ്ക്കും
വേണ്ടോരു വേഴ്ചക്കെഴുതീലമാന്തം
കൊണ്ടോരു മൂര്‍ത്തിക്കിതിനെന്തു ചിത്രം.
താലപ്പൊലിക്ക് വരേണ്ട, വസ്തി
ശീലിപ്പതിന്നായതു വിഘ്നമാകും;
ബാലത്വമുള്ളോരു മിടുക്കനൊത്തു
ചേലോടു ശങ്കുണ്ണിയെ വിട്ടിടാമോ?
രണ്ടുമൂന്നു ദിവസത്തെ വസ്തി മു-
ട്ടുണ്ടതെങ്കിലയി കുട്ടനാകിലും
കൊണ്ടുചെന്നിടരുതേ തരംതിരി-
ച്ചിണ്ടലറ്റൊരു ഭവാനുരയ്ക്കുകിൽ:
ബുദ്ധിമുട്ടെങ്കിലിങ്ങൊട്ടും
ബുദ്ധിമുട്ടിപ്പതില്ല ഞാൻ;
ബുദ്ധിമുട്ടാതെ മുപ്പാരി-
ലെത്തിമുട്ടും യശോനിധേ!