Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 19

19

കൊടുങ്ങല്ലൂർ 8-4-66


എന്താണീയ്യിടെ നമ്മൊടുൽകടവിരോ-
ധം തോന്നുവാൻ കത്തിനാൽ
താന്താങ്ങൾക്കു മമത്വമുള്ളവർകളെ
പ്രീതിപ്പെടുത്തേണ്ടയോ?
ഞാൻ താല്പര്യമൊടും പുല"ച്ചസമയ-
ത്തഞ്ചൽപുരയ്ക്കാളെയ-
ങ്ങെന്തായാലുമയയ്ക്കു മാറു പതിവു-
ണ്ടെന്നാലുമുണ്ടോ ഫലം


കഷ്ടം കാശുകൊടുത്തു കത്തുകളയ
യ്ക്കുന്നെന്തതെന്നഛനീ-
നഷ്ടം വന്നു പൊളിഞ്ഞിടുന്നതറിയു-
ന്നില്ലെന്നു നാരായണൻ
വിഡ്ഢിത്തം പറയും ചിലപ്പൊളതിനെ
പ്പേടിച്ചു കാശാറു കൈ-
വിട്ടീടാതെ കഴിച്ചുകൂട്ടിടുകയോ?
കാര്യം കണക്കല്ലിത്.


പക്ഷേ കാശുതരാമിനിയ്ക്കയി ഭവാ-
നെത്തിച്ചിടും കത്തിനായ്
സക്ഷേമം സരസം കൃതിച്ച തകൃതി-
ശ്ലോകങ്ങൾ വിട്ടീടണേ;
സൂക്ഷ്മം ഞാൻ പറയാം, ത്വദീയകവിതാ-
കര്‍ണ്ണാമൃതം കണ്ണിനും
സൂക്ഷിക്കാൻ മമ കിട്ടിടുമ്പൊഴിവിടെ-
ക്കാശേന്തു നാശം സഖേ!


മഹാനോടായ്മന്നനിടഞ്ഞതൃത്താൽ
മഹാവിപത്തെത്തുമതെന്നിവണ്ണം
മഹാജനം ചെല്ലുമതെത്ര സത്യം
മഹാകവേ! ഞാൻ തെളിവും തരാം തേ.


വമ്പൻ വെഴ്മണിയോടു വീമ്പു പലതും
കാണിച്ചൊരാക്കുഞ്ഞനാം
തമ്പാൻ പത്രികയാലിടഞ്ഞതിനിതാ
കാണായി കയ്യിൽ ഫലം;
തുമ്പില്ലാതൊരുമട്ടു കീചകവധം
കഷ്ടിച്ചു സൃഷ്ടിച്ചുപോൽ
കമ്പം ചൊല്ലുകയല്ലതമ്പൊടെഴുതി-
ത്തീർത്തില്ലയോ ചൊല്ലയേ!


അല്ലാ ഇതു വിപത്തല്ല-
ല്ലല്ലാ തെറ്റിയിനിക്കെടോ;
ഇല്ലാ ദുഷ്കീര്‍ത്തിയുണ്ടാകു-
മില്ലാ സത്തിതിനോര്‍ക്കുകിൽ.


കുഞ്റാർമ്മാമൻ വരുന്നേരം
പഞ്ഞം വിട്ടു പരീക്ഷകൾ
അഞ്ജസാ ചെയ്യിച്ചിടേണേ
മഞ്ജുനാടകമായ് ജവാൽ.