കൊടുങ്ങല്ലൂർ 16_3_1066
തെറ്റീ ഞാനൊരു കത്തയപ്പതവിടെ-
യ്ക്കെന്നാൽ സഖേ! പദ്യമായ്-
പ്പെറ്റീടും പ്രിയമോടയയ്ക്കു പതിവാ-
ണെന്നാലുമന്നാവിധം
പറ്റീലാ ധൃതിയായിരുന്നു പകലേ
കാവിൽ ഗമിച്ചീടുവാൻ
മുറ്റീടും മമതാനിധേ! പിഴ പൊറു-
ത്താലും കവിത്വാംബുധേ!
വിശേഷമുണ്ടീയ്യിടെയൊന്നു ചൊല്ലുവാ-
നശേഷഭാഷാകവിമൌലിരത്നമേ!
വിശേഷമായ്പദ്യമതാക്കി ഞനതി-
ന്നശേഷവും ചൊല്ലുവനല്ലലെന്നിയേ.
കോയിപ്പണ്ടാലയെന്നിങ്ങിനെ പുകൾപെരുകും
വഞ്ചിരാജ്ഞീമണാള-
ന്നായിപ്പണ്ടാമഹാനായ്മഹിതമതി ഭവാ-
നുള്ള പത്ഥ്യം നിനച്ച്
ഞായം പൂണ്ടോരുമട്ടിൽസ്സരസതരമതേ!
സംസ്കൃതം ഭാഷ പദ്യ-
പ്രായം പൂണ്ടിട്ടു രണ്ടും ചിലതെഴുതിയിരു-
ന്നൂ മഹൻ നീര്‍ന്നമോദാൽ,
പ്രിയസുഹൃൽസുതനെന്നു വിശേഷമായ് -
പ്രിയമൊടും മറുകത്തുടനാമഹാൻ
നയമൊടും നിജനിര്‍മ്മിത പുസ്തക-
ദ്വയമൊടും കവിപുംഗവ നൾകിനാൻ.
വിശാഖവിജയം കാവ്യം
വിശാലഗുണവിസ്തൃതം
വിശേഷമാന്തുലാദാനാ-
ഖശ്യതം രണ്ടിതിങ്ങിനെ.
അമ്പാ ശ്രീകാശിയിലും
ബമ്പായിലുമച്ചടിച്ചവകയാണ്
സംസ്കൃതഭംഗിയൊടും ബഹു-
വമ്പു തിരണ്ടോരു പുസ്തകം രണ്ടും.
ശേഷസമതുംഗകീർത്തേ!
ശേഷം വഴിയേ; വിശേഷമില്ലൊന്നും;
തോഷമൊടും മമതാമൃത-
പോഷമെഴുംമാറയയ്ക്കു മറുപത്രം.നമ്പർ 18
കൊടുങ്ങല്ലൂർ 23-3-66
"സംസക്താ"നെന്ന പദ്യം സകലകവിമണേ!
താങ്കൾ ഭാഷപ്പെടുത്തി-
ശ്ശംസിക്കപ്പെട്ടമട്ടിങ്ങെഴുതീയതു സലാം
ചെയ്തു ഞാൻ കണ്ടനേരം
കിം സാദ്ധ്യം? വൈകി കാലം; കനിവൊടുമിതു ക-
യ്പറ്റിടാ പത്രനാഥൻ
സംസജ്ജൽകീ"ത്തികാന്താസഹവസതിസുഖാ-
ഭിജ്ഞസാരജ്ഞമൌലേ!
മഹനായ്‍വഞ്ചിരാജ്ഞീശ-
മഹനീയകവീശ്വരൻ
അഹീനപ്രീതിയെത്തിച്ച
വഹ നീങ്കൾക്കുടൻ തരും.
ദീനശ്വാസമായിട്ടു
താനേ താങ്കൾ മദന്തികേ
മാനമോടു വരാനാണു
മാനനീയ! മമാഗ്രഹം.
അതു കഴിയാത്തപക്ഷം
ബത ഭജനം കഴികിലില്ല മറുപക്ഷം
ഇതു പറയുന്നതു സൂക്ഷ്മം
മതിമൻ! വന്നിടുവനവിടെയന്വക്ഷം.
വിദ്വാൻ! കവീന്ദ്രമണി നിങ്ങളിലിപ്രകാരം
വൈദ്യം കഴിച്ച വിരുതൻ പരമഗ്രജൻ മേ
ഇദ്ദിക്കിലില്ല ശിവപേർപുരിയിൽ സഭയ്ക്കാ-
യുദ്യൽ പ്രമോദമെഴുനെള്ളിയിരിക്കയല്ലോ.