Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 17

17

കൊടുങ്ങല്ലൂർ 21_3_66


ആവൂ! കഷ്ടിച്ചു പറ്റിച്ചിതു കവിതപരീ-
ക്ഷിച്ചു നോക്കുന്നവാർ ഞാ-
നാവേഗത്തിങ്കൽനിന്നും ചെറുതു വലിയതാ-
യുള്ള വേഗം പിടിച്ചു
ധീവിശ്വാസത്തിനായ്ത്താൻ മണിയിട ശരിയായ്
പന്തിരണ്ടാലെ മുന്നൂ-
റാവും പദ്യങ്ങൾ പത്തങ്കവുമിതുവിധമായ്
നാടകം പാടുപെട്ടു


കഥ നളചരിതം കൃതിച്ചതെന്നെ-
ന്നതു പറയാമിനി ഞായറാഴ്ചതന്നെ
ചിതമൊടു പതിനെട്ടതായിടും തീ-
യ്യതിയതിലാണതിലാളനീയകീര്‍ത്തേ!


അന്നു രാജദ്വിജൻ ചാടി-
ച്ചേര്‍ന്നിരുന്നു പരീക്ഷയിൽ
എന്നിൽപ്പാതികണക്കാക്കി-
ത്തന്നെ പറ്റിച്ചിതാക്കവി.


സുന്ദരകാണ്ഡമതാണിട
ചേര്‍ന്ന രസത്തോടു രാജവിപ്രവരൻ
അന്നരമഞ്ചങ്കത്തിൽ
ത്തന്നെ രചിച്ചൊരു നാടകേ കഥയും


ഇതുകൊണ്ടും തീര്‍ന്നില്ലാ
ധൃതികൊണ്ട് പിറ്റെനാൾ മഹാവീരൻ
മതിപൂണ്ടൊരു കൊച്ചുണ്ണി
ക്ഷിതിയണ്ടർകൾമന്നനും പരീക്ഷിച്ചു.


അങ്കം പത്താണു, പദ്യം മമ കൃതിയതിലും
മുപ്പതോളം കവിഞ്ഞു,
ശങ്കിച്ചിടേണ്ട നേരം പറകിലൊരു മണി-
ക്കൂറു മുൻപിൽക്കഴിഞ്ഞു;
തങ്കം ഭംഗ്യാ ചിലേടം പൊടിപൊടിയിലല-
ങ്കാരവും കൊണ്ടണഞ്ഞൂ,
"ഞാൻ" "കുണ്ടുരാൻ" തുടങ്ങിപ്പലരുമതു മഹാ-
കേമമെന്നും പറഞ്ഞു.


ഒഴിയാതെ രസം പാരം
വഴിയുമൊരജ്ഞാതവാസമാണു കഥ
വഴിയേ കാണിക്കാമിതു
പൊഴിയും മോദേന ശേഷമിനി വഴിയേ.