Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 15

15

കൊടുങ്ങല്ലൂർ 13-3-1066


ആമോദത്തോടു ഭാഷാകവികടെമുടിയിൽ
ചേര്‍ത്തു ചാര്‍ത്തുന്ന തുംഗ-
ശ്രീമോദത്തേനൊലിയ്ക്കും പുതുകൃതികുസുമം
പൂത്തിടും കല്പശാഖിൻ!
പ്രേമാൽ ത്വൽപാർശ്വഭാഗേ പല കൃതികളെയും
കേട്ടു കേട്ടങ്ങിരിപ്പാൻ
കാമത്തോടും നിദാനം മമ മനസി മനോ-
രാജ്യമുണ്ടായ്‍വരുന്നൂ


ശങ്കുണ്ണിയെന്നു പരിചിൽ പുകൾനേടിനേടി
ത്തങ്കുന്ന മോദമൊടെഴും ഭവദീയശിഷ്യൻ
ശങ്കിച്ചിടാതെ പല പാട്ടമതും പിരിച്ചു
തങ്കെട്ടെടുത്തു സവിധത്തിലണഞ്ഞുവല്ലോ


എന്താണിച്ചൊന്നതെന്നോ വരകവിമണിയാം
വയ്ക്കരക്ഷ്മാസുരേന്ദ്രൻ
താന്താൻ ചാടിപ്പുറപ്പെട്ടിതു ബത "മലയ"-
ശ്ലോകവാദപ്രസംഗേ;
എന്തായാലും മടിച്ചീടുകിലതു മഹിമാ-
വിന്നു പോരായ്മയല്ലേ
സ്വാന്താനന്ദം വരട്ടേ വരുമതു വടിവ-
യ്ക്കട്ടെ ശങ്കുണ്ണിതന്നെ.


തെറ്റുകണ്ടതു പറഞ്ഞിടാൻ നമു-
ക്കേറ്റവും വിരുതു വാക്കിനില്ലയോ?
കുറ്റമൊക്കവെ വിളിച്ചു ചൊല്കിലേ
പററു, മൂപ്പർ തലതല്ലിടട്ടെ പോയ്