കൊടുങ്ങല്ലൂർ 1-3-1066
ചൊല്ലാര്‍ന്ന താങ്കളുടെ തര്‍ജ്ജമ കേമമെന്നു
ചൊല്ലാം നമുക്കു ചില സംശയമുണ്ടു താനും;
'ചൊല്ലാമതീ'യ്യിവ' പദത്തിനു 'പോലെ'യെന്നാ-
യല്ലാ വെടിപ്പു പറയുന്നതി“നെന്നു തോന്നും”
പ്രജവധൂപദമായതിനാസ്സുര-
വ്രജവധൂപദമങ്ങു കൊടുത്തിതോ
സുജനപുംഗവ! ഗോപികളായിയീ-
സ്വജനമങ്ങിനെ തര്‍ജ്ജമ ചെയ്തുപോയ്.
മാറ്റിയയച്ചീടാഞ്ഞാൽ
മാറ്റികൾ ദുഷ്കൂറ്റുകാർ ദുഷിച്ചീടും,
ഏറ്റം കുറെഴുമിജ്ജന-
മേറ്റ പിടിയ്ക്കേണമെന്നു മന്നുവരും.
ആമോദമെന്ന പദമങ്ങിനെ വെച്ചിടാഞ്ഞാ-
ലാമോദമൊന്നു കുറയാനിടയായ് ഭവിയ്ക്കും;
പ്രേമോദധേ! പറയുവാനതു ഞാൻ മറന്നേൻ;
ഹേ മോദമോടിതുമറിഞ്ഞു കൃതിച്ചയക്കൂ.
ശേഷം വഴിയേ വിഗളിത-
ദോഷം വഴിയേണമെന്നിലീ മമത;
ദോഷം പൊഴിയും കൃതിയത-
ശേഷം പിഴയാതെ തീർത്തിടുന്നോനേ!