കൊടുങ്ങല്ലൂർ 26-2-1066
ശങ്കുണ്ണിയോടു വിരുതേറിയ വില്ലുവട്ടം
ശങ്കാവിഹീനമെതിരിട്ടതു കണ്ടുവല്ലോ;
താങ്കൾക്കിതിങ്കലൊരു മൂന്നുപുലയ്ക്കുമാത്രം
തങ്കുന്ന ചാര്‍ച്ച നിലവുണ്ടതു കണ്ടിടേണം
എന്നാലീ വിഷയത്തിലിജ്ജനമഹോ
മദ്ധ്യസ്ഥനായിന്നു കാൺ-
കെന്നായ വന്നിതു വില്ലുവട്ടകവിയെ
ക്കര്‍ണ്ണേജപന്ന്യായമായ്
നന്നായേവമിളക്കിവിട്ടതു സഖേ!
ഞാനാകയാലാകയീ-
വന്നാവാദമതിന്നു കൈനഖമുര-
യ്ക്കാൻ നോക്കുകെന്നേ വരൂ
പഴയൊരുകവിയോടീക്കൊച്ചുശങ്കുണ്ണി ചാടി-
ക്കഴിയുമൊരു വിധത്തിൽ പോരടിയ്ക്കട്ടെയല്ലേ?
കഴിയരുതൊരുനാളും നിശ്ചയം തോല്മ കണ്ടാൽ
വഴിയെ വടിവൊടപ്പോൾത്താങ്കൾപിൻതാങ്ങുമല്ലോ
പുതിയൊരു പരീക്ഷ ഞാനും
ധൃതിയൊടു കൊച്ചുണ്ണിരാജനും കൂടി
മതിയാമ്മട്ടു കഴിച്ചതിൽ
മതിയാര്‍ന്നൊരു നിങ്ങളെന്തു മിണ്ടാഞ്ഞു?
വല്ലെങ്കിലും നാടകമൊന്നെടുക്കു
തെല്ലെങ്കിലും തര്‍ജ്ജമ ചെയ്തു നോക്കൂ;
ഇല്ലംകുലുങ്ങില്ലതുകൊണ്ടു ഹേ ന-
ന്നല്ലെങ്കിലപ്പോൾ കളയാം നമുക്കും;
"സംസക്താനി"തിതൊട്ടു സംസ്കൃതമതായ്
മന്നാടിയാരിട്ടൊരാ-
ശ്ശംസിക്കേണ്ടാരു പദ്യമായതുടനേ
ഭാഷപ്പെടുത്തിബ് ഭവാൻ
കംസാരാതിപദാബ്ജസേവക! മുദാ
പത്രാധിപന്നേകണം;
ഹംസാകാരയശോനിധേ! മടിയതീ-
സ്ഥാനത്തു മാനക്ഷയം.
തങ്കുന്ന മാനത്തിനു കൂടയുള്ള
ശങ്കുണ്ണിയും തര്‍ജ്ജമ ചെയ്തിടട്ടേ;
ഉങ്കിന്നു മന്നാടി മുറയ്ക്കു പത്ര-
ത്തിങ്കന്നു വായിച്ചു ചെടിച്ചിടട്ടെ.
പിഴയെന്നതെഴുത്തിലുണ്ടു പാരം
മൊഴിയിന്നേരമിനിയ്ക്കു തോന്നിടുന്നൂ
കഴിയുന്നതു ഞാൻ വരച്ചിതിപ്പോ-
ഴൊഴിയുന്നേനിഹ കൈ കുഴച്ചിടുന്നൂ.