Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 12

12

കൊടുങ്ങല്ലൂർ 20_2_1066


ഭവാനയച്ചീടിന കത്തിനിയ്ക്കു
ഭവാകൃതശ്രീകവിതാരസജ്ഞ!
ജവാലെടുത്തഞ്ചലിൽ മാസ്റ്റർ തന്നു;
കവിഞ്ഞു വായിച്ചളവിൽ പ്രമോദം.


അച്ചുതമേനവനവിട-
ക്കായ്ച്ചിതമൊടു കൃതികൃതിച്ചതെൻകയ്യിൽ
മെച്ചമൊടു കിട്ടിയതു ത-
ന്നേച്ചാൽ വായിച്ചുവച്ചു സൂക്ഷിയ്ക്കോ?


പാരാതെ വന്ന മടികൊണ്ടു മനസ്സുകെട്ടു
നാരായണൻ തകൃതികൂട്ടി നടപ്പതെല്ലാം
നേരായ്ക്കുറച്ചു ദിനമായ്ക്കുറവുണ്ടതെന്നു
തീറായ്പ്പറഞ്ഞു തുടരാമിതുപോലെ നിന്നാൽ.


ഈയ്യുള്ളവരുടെ തെറികൊ-
ണ്ടിയ്യാളീയ്യിടെയിടയ്ക്കു ചിന്തനയോ
കയ്യൊടുമുരുവൊ ചിലതിവ
ചെയ്യുന്നുണ്ടെന്നുതന്നെ തോന്നുന്നൂ.


ശങ്കുണ്ണിയോടു ചതിവിട്ടിത വില്ലുവട്ടം
ശങ്കാവിഹീനമെതിരിട്ടതു കണ്ടതില്ലേ
തങ്കും മിടുക്കുകൾ മുറയ്ക്കവനൊന്നെടുത്തീ-
വങ്കന്റെ വാശി കുറവാക്കുക വേണ്ടിവന്നൂ.


കണ്ടൂരാൻ രണ്ടുമാസത്തിനു സപടി തഹ-
ശ്ശീൽ പണിക്കായിയിങ്ങോ-
ട്ടുണ്ടത്രേ മാറിടുന്നൂ വടിവുടയൊരു വ-
ക്കീലു രാജാവുമായി;
കൊണ്ടാടുന്നോരു ഭാഷാകവികളുടെ മഹാ-
ഘോഷമാം കൂത്തുകൂടി-
ക്കണ്ടീടാം തെല്ലനാളീവിരുതനു കവിതാ-
രീതിയിൽ കമ്പമല്ലോ.


ഭവാനെഴും ദീനമതങ്ങു മാറി-
ജ്ജവാലടുത്തിങ്ങു വരുന്ന കാഴ്മാൻ
ശിവാപദത്താരു ഭജിച്ചിടുന്നേ-
നിവന്നതല്ലാതെ നിവൃത്തിയുണ്ടോ?