കൊടുങ്ങല്ലൂർ 30-12-1065
ഭവാനയച്ചീടിന കത്തു കിട്ടീ
ഭവാബ്ധി പീയൂഷകവിത്വരാശേ!
തവാതിരമ്യാമിതഹൃദ്യപദ്യ-
നവാമൃതം മോന്തി മദിച്ചു ഞാനും.
അങ്ങുണ്ടാക്കിയിനിക്കയച്ചൊരു സമ-
സ്യാപൂരണം രണ്ടുമാ-
രംഗംവിട്ടു പൊടിച്ചു മാറിവിടുമാ-
ശ്ശങ്കുണ്ണിതൻ പദ്യവും
തിങ്ങും കൌതുകമോടയച്ചു പരമാ-
പ്പത്രാധിപര്‍ക്കായി ഞാ,-
നിങ്ങൊട്ടീയ്യിടെയാഴ്ച രണ്ടിനകമേ
പത്രത്തിലെത്തിച്ചിടും.
"ഒരുമകൊണ്ടു നേരുകണ്ടതെന്നപേരൊടൊന്നു ഞാൻ
വിരുതുകൊണ്ട് കവികൾ കണ്ടു കൈതൊഴും മഹാമതേ!
വിരവിലുണ്ടു തീര്‍ത്തതായ പദ്യമയ്മ്പതായതും
പരിചിൽ രണ്ടു നാലു നാൾക്കകത്തയച്ചുതന്നിടാം
"സംസ്കൃതപദ"മതു ചെറ്റും
ചേര്‍ക്കാതിക്കഥ ചുരുക്കിയൊരുമട്ടിൽ
ഞക്കിഞരുക്കിക്കൂട്ടിയി-
ണക്കിയതാണെന്നുമറിവു തന്നേക്കാം.
കേൾക്കേണമിപ്പൊഴൊരു പെറ്റപുലയ്ക്കു ലാക്കു-
ണ്ടക്കാലമെന്റെ ഭജനന്തകരാറിലാവും;
പക്ഷേ - വരാമവിടെ ഞാനതുകാല,മെന്നാൽ
സൂക്ഷ്മപ്പെടുത്തിയുരചെയ്യുവതില്ല താനും.