Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 4

4

കൊടുങ്ങല്ലൂർ 26-12-1065


അല്ലേ തെറ്റായി ഞങ്ങൾക്കെഴുതിയതിൽ മുദാ
മേൽവിലാസം കുറിച്ചി-
ട്ടല്ലേ താങ്കൾക്കു പത്രം വിടുവതിനെഴുതി-
പ്പോയി പത്രാധിപര്‍ക്കായ്;
വല്ലെന്നാലും വരുത്തു ചില കുറി ചിതമായ്
പ്പത്രമീലൌകികത്തി-
ന്നല്ലെന്നാൽ തെല്ല തെറ്റായ് വരുമതു മതിമൻ!
ഭംഗിയാമോ നമുക്കും?


ശങ്കുണ്ണിയ്ക്കും ഭവാനും ശശിവിശദയശോ-
രാശിയായോർകളേ കേൾ
തങ്കും നിസ്തുല്യകീര്‍ത്തിയ്ക്കിതുമൊരു വഴിയാം
പത്രികയ്ക്കായിടയ്ക്ക്
ശങ്കാഹീനം കുറിച്ചീടിന സരസകൃതി-
സ്തോമമിട്ടച്ചടിച്ചാൽ
സംഖ്യാഹീനപ്രമോദം പല സഹൃദയഹൃൽ-
ക്കാമ്പിലും വന്നു വിങ്ങും.


കാര്യം കേട്ടു ധരിച്ചുകൊള്ളുക കൊടു-
ങ്ങല്ലൂരുരാജാക്കളെ-
ല്ലാരും ചേർന്നു കരാറുചെയ്തിതിനിമേൽ
ബ്രിട്ടീഷുശീമയ്ക്കകം
ചേരും വസ്തുവിൽ വല്ല വിദ്യയുമെടു-
ത്തീടുമ്പോഴെല്ലാവരും
പേരോടൊപ്പിടണം സ്ഥിരത്വമതിനി-
ല്ലല്ലെങ്കിലെന്നിങ്ങിനെ.


കേൾവിപ്പെട്ട കവിപ്രവീരമണിയേ
തീർത്തോരു പാട്ടൊന്നിനി-
യ്ക്കാവിർഭൂതകതൂഹലം തരികെടോ
വായിച്ചുനോക്കട്ടെ ഞാൻ
രാവിൽ പൊങ്ങിയ പൂർണ്ണചന്ദ്രനു കള-
ങ്കംവെച്ചതേച്ചെത്രയും
ഭാവിപ്പിച്ചൊരഭംഗിയാക്കിയയശോ-
വെണ്മയൊരാലംബമേ!