കൊടുങ്ങല്ലൂർ 1065-12-17
കിട്ടീ കത്തു, കൃതാത്ഥനായിതു ഭവൽ-
പദ്യങ്ങൾ വായിയ്ക്കയാൽ
പെട്ടീടും സരസത്തസത്തു ചെവിയിൽ-
കൂടീട്ടകത്താക്കി ഞാൻ
കെട്ടീമട്ടു മനോരമാനവകവും
നൾകുന്നു വാങ്ങിച്ചുനോ-
ക്കീട്ടീ വസ്തുതയൊക്കവേ സ്വരസമാ-
യ്ക്കത്താലെ കാട്ടീടണം.
മാനം ചേര്‍ന്നമരും മഹാകവിമണേ!
മാനിച്ചിതിൽ സാരമായ്
ജ്ഞാനം ചേര്‍ത്തു ജനങ്ങളിൽ സരസതാ-
സാരം പെരുക്കുംവിധം
താനും ചെറ്റു തകർത്തു സമ്മതസമ-
സ്യാദ്യങ്ങളേ നൾകെടോ
"ഞാനും ചേരണ"മെന്നു കൌതുകമിതിൽ
തോന്നുന്നുവെന്നാൽ സഖേ!
"വിക്ടോറിയാചരിതസംഗ്രഹ”തർജ്ജമാഖ്യ-
വിഖ്യാതകീര്‍ത്തി വിളഭൂമിയിൽ വശ്യകീര്‍ത്തേ!
ഇക്കാലമങ്ങു ചില വിത്തു വിതയ്ക്കുവാനായ് -
ത്തര്‍ക്കങ്ങൾ തീർത്തു തരമോര്‍ത്തു തുടങ്ങിയാലും.
തെറ്റീ ഞാനിപ്പൊൾ മുൻപായെഴുതിയ കൃതികൊ-
ണ്ടൊയ്മ്പതീപ്പത്രമെന്നും
മറ്റും കാണിച്ചതെന്നാലിതു പഴയ കവേ!
പന്തിരണ്ടാണുതാനും;
ചെറ്റും സന്ദേഹമില്ലേ ചിതമൊടുടനുടൻ-
തന്നെ മാസത്തിൽ നാലാ-
യറ്റം വിട്ടിഷ്ടനാകും തവ സവിധമതിൽ
ചേരുമാറായയയ്ക്കാം.
ഇക്കാണുന്നോരു ഭാഷാകവികളുടെ മിടു-
ക്കൊക്കയും കാട്ടുവാനാ-
യിക്കാലം പത്രികയ്ക്കുള്ളൊരു വരി ചിലവാ-
ക്കുന്നതുണ്ടെന്നു കണ്ടു
സല്ക്കാരം ചേരുമാറെൻ സരസകവിമണേ!
താങ്കളും ചേര്‍ന്നിടയ്ക്കീ-
മുഷ്കാളും കൂട്ടരോടൊത്തെതൃപൊരുതുക കാ-
ണട്ടെ കാണിപ്രപഞ്ചം.
പത്രത്തിൽ പേർപതിഞ്ഞാൽ പലദിശി മരുവും
ലോകരും പേരുകേൾക്കാൻ
മാത്രം നന്നെന്നുമല്ലാ പലരൊടുമിടവി-
ട്ടിഷ്ടമാവാം ക്രമത്തിൽ
ചിത്രത്തിൽ ചീര്‍ത്തമോദം തിരുതകൃതി കൃതി-
ച്ചോരു പദ്യങ്ങൾ പാര്‍ത്തി-
ട്ടത്രേ സന്തോഷമേന്തും സരസജനമിതിൻ-
വണ്ണമെന്തിന്നിയുള്ളൂ?
വയ്മ്പന്മാരാകുമോരോ കവികളുടെ വിലാ_
സങ്ങളിട്ടച്ചടിപ്പാൻ
മുൻപന്മാരാകുമിപ്പത്രികയുടെയുടമയോർ-
കൾക്കുമാനന്ദമാകും
അയ്മ്പോടങ്ങയ്ക്കു ചേതം ചെറുതുമിവിടെയു-
ണ്ടാകയില്ലെന്നതോര്‍ത്താ
ലമ്പോ മിണ്ടാതിരിയ്ക്കുന്നതു കഠിനമതെ-
ന്നങ്ങുമുൾക്കാമ്പിലാര്‍ക്കും
ഇതൊക്കെയുൾക്കാമ്പിൽ നിനച്ചുവച്ചു
പതുക്കെ മുമ്പിൽ കടലാസ്സുവെച്ചു
കൃതിയ്ക്കുചെയ്താലെഴുതി ക്രമത്തി-
ലതൊക്കെ നേരിട്ടു നമുക്കയക്കൂ.
ദീനക്കാരനതെന്നാ-
ദ്ധ്യാനക്കാലം മറന്നു കൈവയ്ക്കൂ;
ഞാനൊക്കെ നേരെയാക്കാം
മേനിയ്ക്കായ് തട്ടിവിട്ട പിട്ടല്ലേ
തോഷാകരവിമലയശോ-
ദോഷാകര! വേണ്ടപോലെ മറുപടിയിൽ
വേഷം കെട്ടുക പിന്നെ-
ശ്ശേഷം വഴിയെ മുറയ്ക്കു കാണിക്കാം