അമ്മണത്തു പരമേശ്വരൻ സഖേ!
നന്മയുള്ള വകയാണതോര്‍ക്കണം;
ദുര്‍മ്മനസ്സിവനിലേതുമേന്തിടാ-
തമ്മനുഷ്യനു കൊടുക്കണം പണി.
മാസപ്പടിപ്പണിയുമീ മനുജന്നു കാര്യം,
പ്രാസത്തിലാക്കിയതു പാപകലാഗ്രഗണ്യം;
ഹാ! സത്വരം കരുണവെച്ചു തിരിച്ചിവന്നീ
വാസസ്ഥലത്തു പണി സുസ്ഥിരമാക്കിടേണം.
അത്യന്തമീച്ചെറിയ ശമ്പളമന്യദേശേ
വര്‍ത്തിപ്പവര്‍ക്കു പതിവായശനത്തിനില്ല;
പ്രത്യേകമെന്തിനിവ ഞാൻ വിവരിപ്പ,തെല്ലാ
വൃത്താന്തവും ബത! ഭവാനറിയാവതല്ലേ?
എന്തീവിധം നിലവെടിഞ്ഞുരചെയ്തതെന്നു
ചിന്തിയ്ക്കുമെങ്കിലഹമൊന്നുമുരച്ചതില്ല;
എന്തോഴനെന്നു കരുതിപ്പറയുന്നു നല്ല
സന്തോഷമെങ്കിലിതു ചെയ്ത ഗുണാംബുരാശേ!