Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 24

24 ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ

ശീലം തെളിഞ്ഞ കവിവര്യ! കഴിഞ്ഞ കുഭം
നാലാംദിനം തിരുവനന്തപുരത്തു നിന്ന്
മാലന്തരംഗമണയാതഹമിങ്ങു പോന്നേൻ
കൂലങ്കുഷസ്വഗൃഹജോലിയെ നിർവ്വഹിപ്പാൻ.


വള്ളപ്പാട്ടു ചമച്ചു ഞാനെഴുതിനെൻ
'ഭൈഷ്മീവിവാഹോത്സവം';
കള്ളപ്പൂട്ടിനു തുല്യമാണപകടം
ഞാൻ തന്നെ വായിയ്ക്കണം;
ഉള്ളത്തിൽബ്ഭയമുണ്ടതച്ചിലിടുവാൻ
'ബാലാകലേശാ'ഖ്യമാ-
യുള്ളാ നാവികനാടകസ്ഥിതി നിന-
യ്ക്കുമ്പോളെനിയെൻകവേ!


ഇച്ഛയുണ്ടു പലര്‍ക്കും പാ-
ട്ടച്ചടിപ്പിയ്ക്കുവാനിഹ
സ്വച്ഛമായെന്നെനിയ്ക്കില്ല
നിശ്ചയം കിം പരിഭ്രമം?


ഇക്കാലമീ വിനയി ശങ്കരമേനവൻതാൻ
സര്‍ക്കാരിൽ വല്ലപണിയും വഴിയായ് വഹിപ്പാൻ
തൽക്കാരണം മമ സമീപമണഞ്ഞു ചുമ്മാ
നില്ക്കാതെയുള്ള ദിവസം കുറവായിടുന്നു.


ഏഴാംക്ലാസ്സുവരെപ്പഠിച്ചു വടിവോ-
ടിംഗ്ലീഷു വായിച്ചിടാം,
താഴാതെ പല വാചകങ്ങളെഴുതാം,
തെറ്റാതെ ഭാഷിച്ചിടാം,
തോഴാ! വല്ലതുമൊന്നിവന്നു പണിയു-
ണ്ടാക്കിക്കൊടുപ്പിച്ചിനി-
ക്കേഴാതാക്കുക യോഗ്യതാനുസരണം
നീതിജ്ഞചൂഡാമണേ!


എന്നുള്ളൂർപ്പരമേശ്വരയ്യരവർകൾ-
ക്കെന്നും കൃതിഭ്രാന്തനായ്-
നിന്നുള്ളാരൊറവങ്കരക്ഷിതിസുരൻ
തീര്‍ത്തോരു കത്തിങ്ങനെ
ഒന്നുല്ലാസമൊടാദിതൊട്ടു മുഴുവൻ
വായിച്ചു പഞ്ചാരയെ-
ക്കൊന്നുള്ളോരു ഗിരാ രചിയ്ക്കുക രസം-
തത്തുന്ന കത്തൊന്നു മേ.