Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 23

23 ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ

ദിക്കടുക്കുന്ന ദൈവത്തി-
ന്നുൾക്കുടുക്കായിരിപ്പവൾ
തൃക്കടക്കണ്ണിടട്ടേ, ലോ-
കോൽക്കടക്കേടൊതുങ്ങുവാൻ.


പുഷ്ടാലംകൃതിയായ് ഭവദ്രചിതമാ-
യുള്ളോ'രുമാകേരളം'
കൊട്ടാരക്കരെവെച്ചു കോൾമയിർനിറ-
ഞ്ഞാട്ടൊട്ടു വായിച്ചു ഞാൻ;
ശിഷ്ടാലോകനമന്നെനിയ്ക്കു തരമായ്-
വന്നില്ല ജോലിപ്പെരും-
പട്ടാളം മമ നാൽപുറം വളകയാൽ
തൽ‌ച്ഛേദനേച്ഛാവശാൽ,


ഒരിയ്ക്കലിപ്പുസ്തകമാകെ നോക്കി-
ദ്ധരിയ്ക്കുവാനാഗ്രഹമാണ്ടമൂലം
തിരക്കിയോരോ ദിശി; കൈക്കലാകാ-
ഞരക്കഥാവായന ബാക്കിയായി.


പ്രകൃതം വിട്ടു ഞാനോതും
വികൃതശ്ലോകവും ഭവാൻ
സദാലോകനം ചെയ്ക
സുകൃതാധാനപാത്രമേ!


കണക്കെഴു,ത്തച്ഛജനങ്ങളോടു-
ള്ളിണക്ക,മൌന്നത്യമെഴും ജനത്തിൽ
വണക്ക,മീസ്സൽഗുണമുള്ളൊരുത്തൻ
തുണയ്ക്കുവാനെന്നെ വരിച്ചിടുന്നു.


ദാരിദ്ര്യമൂലമുഴറിപ്പടുധൈര്യബന്ധ-
മൂരിദ്രവിച്ച ഹൃദയത്തൊടുങ്ങുമിങ്ങും
പാരിൽദ്ദയായുതരെ നോക്കിയണഞ്ഞിതെന്റെ
ചാരത്തുരൽപ്പുരയിൽ മദ്ദളമെന്നപോലെ.


സര്‍ക്കാരിൽച്ചെറുപണിയൊന്നു കിട്ടിയെന്നാ-
ലിക്കാലം ചില ചിലവിന്നു മാറ്റമാകും
'തൃക്കാലേ ശരണ'മിതി പ്രപന്നനോടി-
ദുഷ്കാലസ്ഥിതനഹമെന്തു ചൊല്ലിടേണ്ടു?


ഇന്നെന്റെ പത്രമിതു കൊണ്ടുവരുന്നൊരിഗ്ഗോ-
വിന്ദന്റെ വാഞ്ഛിതമുദഞ്ചിതഹാർദ്ദലേശം
മന്ദം നിറപ്പതിനു വേണ്ടവിധം മനം വെ-
ച്ചെന്നാകിലേറ്റമുപകാരമുദാരബുദ്ധേ!


പരമാനന്ദാലുള്ളൂർ
പരമേശ്വരനവർകൾ വായിപ്പാൻ
ഒരുവിധമൊറവങ്കരഭൂ-
സുരനെഴുതിത്തീര്‍ത്തയച്ച പത്രമിദം.