Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 21

21 എം. രാജരാജവമ്മ തമ്പുരാൻ എം. എ. ബി. എൽ.

കോവിൽപ്പെട്ടൊരു വേല മിക്കതുമെടു-
ത്തുച്ചയ്ക്കു കിട്ടീടുമാ-
ദ്ദേവോച്ഛിഷ്ടമശിച്ചൊരന്യഗതിയും
കാണാതെകണ്ടങ്ങിനെ
പാവപ്പെട്ടു വലഞ്ഞു വാഴുമിവനിൽ-
ക്കിഞ്ചിൽക്കനിഞ്ഞീടുവാന്‍
ഭൂവാനോര്‍വ്വര! പത്രികാവഴി ഭവാ-
നോടൊന്നിരക്കുന്നു ഞാൻ


ഊഴിയ്ക്കുകത്തു പുകൾപൊങ്ങി വിളങ്ങിടും 'ശ്രീ-
മൂഴിക്കുളത്തു' കഴകം പുതുവാളു കൃഷ്ണൻ
കീഴിൽക്കഴിഞ്ഞപടി മേലിലുമാചരിച്ചു
വാഴുന്നതിന്നു തവ സന്നിധി പൂകിടുന്നു.


അറയ്ക്കലെന്നാതുവാൾ ഗൃഹസ്ഥൻ
മരിയ്ക്കയാൽത്താവഴി സന്നികര്‍ഷാൽ
മുറയ്ക്കു ശേഷക്രിയ ചെയ്തു; ദേവ-
പുരത്തിലൊജ്ജോലിയുമാചരിച്ചാൻ.


ഇക്കുഞ്ഞിക്കൃഷ്ണനേവം കഴകമതു കഴി
ച്ചത്ര വാഴുന്നകണ്ടി-
ട്ടുൾക്കാമ്പിൽസ്സൌഖ്യമില്ലാതിഹ ചിലർ കഴകം
കൈക്കലാക്കുന്നതിന്നായ്
ഉൽക്കണ്ഠിയ്ക്കുന്നു; സത്യസ്ഥിതിയുമിതിനെഴും
ന്യായവും മായവും ക-
ണ്ടുള്‍കാരുണ്യേന കാത്തീടുക വിവരമിനി-
ക്കേസ്സിലുണ്ടാകുമല്ലോ.


നിമ്മായനീതിനിധി, സൽക്കവി, രാജരാജ-
വര്‍മ്മാവനീശനുടെ സന്നിധിതന്നിലേയ്ക്കായ്
ചെമ്മേ നിനച്ചെഴുതിടുന്നു, വിനീതിനീതി-
സമ്മോദപൂർവ്വമൊറവങ്കരഭൂമിദേവൻ.


സന്മാനുഷാവനപരായണ! രാജരാജ-
വര്‍മ്മാവനീശി നയസാഗരകംഭയോനേ!
ചെമ്മേ ഭവാനൊടൊരു കാര്യമലട്ടിടുന്നേ-
ന്മേഷപൂർവ്വമൊറവങ്കരഭൂമിദേവൻ.


പാരാവാരത്തിനേക്കാൾപ്പെരിയ തിരുവിതാം-
കൂറുസര്‍ക്കാരിലെങ്ങാ-
നീ രാമൻനമ്പിയാര്‍ക്കിന്നൊരു ചെറിയതരം
ജോലികിട്ടും പ്രകാരം
പാരാതല്പം കനിഞ്ഞിടണ; മിവനണയും
യോഗ്യതയൊത്ത വണ്ണം
ഹേ രാജൻ! ഹൂണഭാഷാരഹിതനു തരമാ-
കുന്നതൊന്നായ്‍വരേണം.