Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 19

19 കല്ലമൺമഠത്തിൽ ശ്രീധരൻ പോറ്റി

കണ്ടേനഹം കനിവിനോടു ഭവാന്റെ പദ്യം
കൊണ്ടേറെയും വിലസിടുന്ന വിശിഷ്ടപത്രം
കണ്ണേ വിഷം തടവുവോനുടെ സപ്തമത്തെ-
ക്കുണ്ഠേതരം കരുതിയുത്തരമോതിടുന്നേൻ.


പൃഥുതരജോലിനിമിത്തം
മിഥുനമൊരെട്ടാംദിനംവരെച്ചുറ്റി
അഥ ഞാനില്ലം വിട്ടീ
പൃഥിവിയിലെത്തീ ദിനം പതിമ്മൂന്നിൽ.


ഉദഗ്രസൌശീല്യനിധേ! ഭവാന്റെ
പദാഗ്രശാഫോദയവര്‍ത്തമാനം
ത്വദഗ്രജൻ ചൊല്ലിയറിഞ്ഞു ഞാനും
സദഗ്രയായിൻ സകലം തദാനീം


പാരം പ്രീത്യാ കവിവര! 'കിഴുത്താമ-
രശ്ശേരി'യില്‍ച്ചെ-
ന്നാരംഭിച്ചൂ തിലഹവന,മേതാനു-
മായ്ത്താനു,മെല്ലാം
തീരുംമുമ്പായവിടെ വടിവോടുണ്ണി-
യുണ്ടായ കാവ്യം
സാറും കേൾപ്പാൻ കിമപി തരമുണ്ടായി -
രിയ്ക്കേണമല്ലോ.


'ആദിശ്ശമംഗ'ല‌ത്തി, -
ന്നാദിമുതല്ക്കേ തുടങ്ങി തിലഹോമം
പാദം കഴുകിപ്പാനനു-
വാദം നല്കീ 'സുദർശനം' നിർത്തീ.


മുന്നൂറ്റിച്ചില്ലുവാനം ധരണിസുരവര-
ന്മാരെയൂട്ടീടണംപോ-
ലെന്നോ ഞങ്ങൾക്കു പോകാനിടവരുവതറി-
ഞ്ഞീല കണ്ടാൽക്കഥിയ്ക്കാം;
എന്നാലിമ്മാസമര്‍ദ്ധം കഴിവതിനിടയിൽ -
ത്താങ്കളിങ്ങോട്ടമന്ദം
വന്നാലൊന്നിച്ചുകൂടാം ചിലദിന,മധികം
ജോലിയില്ലാത്തപക്ഷം.


കിഴക്കാ 'വടശ്ശേരി'ലേയ്ക്കും 'കരിമ്പ-
മ്പുഴ'യ്ക്കും ഗമിയ്ക്കേണ്ട കാര്യങ്ങളില്ലേ?
വഴക്കെന്തതിന്നത്രകാലം നമുക്കി-
ങ്ങൊഴിയ്ക്കാതെ കൂടാം വഴിയ്ക്കായിവന്നാൽ


കല്ലമണ്ണിളമിലേയ്ക്കഴുതുന്നേൻ
തെല്ലിവണ്ണമൊറവങ്കരവിപ്രൻ;
ഇല്ല വര്‍ണ്ണരുചി കിഞ്ചന പദ്യം
നല്ലവണ്ണമുളവാക്കിയയപ്പാൻ.