Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 17

17 ദിവാൻബഹുദൂർ ഗോവിന്ദപ്പിള്ള ജഡ്ജി

സത്യം, നയം, സകലഭൂതദയാര്‍ദ്രമാകും-
ചിത്തം, വിവേകഗുണ, മീശ്വരഭക്തിഭാരം
ഇത്ഥം വിശുദ്ധഗുണമുള്ള ഭവാനിരിയ്ക്കും
പൃത്ഥ്വീതലത്തിനുടെ ഭാഗ്യമതീവ യോഗ്യം.


ശ്രീവിദ്യാനീതി കീർത്തിപ്രിയതരകവിതാ-
കാന്തമാരെപ്പുലര്‍ത്തും,
ഭൂവാസം ചെയ്തുപോരും ജനതയുടെ സദാ-
ചാരസാരം വളര്‍ത്തും
ശ്രീവഞ്ചി ക്ഷോണിപാലദ്യുതരുവിനധികം
ശോഭയെച്ചേര്‍ത്തുമേവും
ഗോവിന്ദപ്പിള്ളയാകും ജഡിജി ജഗതിയിൽ-
പ്പാര്‍ക്കണം ദീഘകാലം.


അനുപമഭുവനൗഘം കൈത്തലംപുക്ക നെല്ലി-
ക്കനിയോടുകിട കാണും ത്വാദൃശന്മാരെയല്ലോ
ജനിയുടെ ഫലസിദ്ധിയ്ക്കുല്പമായാഗ്രഹിയ്ക്കും
ജനമൊരുകുറിപോലും കണ്ടിരിയേണ്ടതോര്‍ത്താൽ.


വിസ്തീര‍ണ്ണാഗാധ നീതിക്കടലടിവരെയൊ-
ന്നായെടുത്താചമിച്ചോ,-
നത്യന്തം ദുഷ്ടലോകങ്ങളുടെ മദമഹാ-
വിന്ധ്യനത്തച്ചമര്‍ത്തോൻ.
പൃത്ഥീഭാഗത്തെ നല്ലോരമരനഗരമാ-
ക്കിച്ചമച്ചോൻ ഭവാനാ-
രസ്താശങ്കം കഥിച്ചീടുക: കലശജനോ?
ഗാഥിസംഭൂതിതാനോ?