ജൃംഭിച്ചീടിന പൂർവ്വപുണ്യലഹരീ-
പാകത്തിനാൽ ശങ്കരൻ-
തമ്പിയ്ക്കൊത്തൊരു ഭാഗ്യവാനിളയിലി-
ന്നില്ലെന്നു ചൊല്ലീടണം;
വമ്പേറീടിന വഞ്ചിരാജനു വലം-
കണ്ണാകുമീ മാനുഷ-
മ്പോടിയൊറവങ്കരക്ഷിതിസുരൻ
കർപ്പൂരമായീടുമോ?
മന്നിൽ പ്രാപഞ്ചികന്മാരുടെയിടയിലഹോ!
ശങ്കരൻതമ്പിതന്നേ
ധന്യൻ; ധര്‍മ്മാര്‍ത്ഥകാമങ്ങളെയൊരു പണികൂ-
ടാതെ സാധിച്ചിടുന്നൂ;
അന്യന്മാരാകുമസ്മൽ പ്രഭൃതികളധുനാ
മാതൃഗര്‍ഭാശയത്തിൽ-
ച്ചിന്നും കീടങ്ങളത്രേ നിജജഠരഗുഹാ-
പൂരണവ്യാകുലന്മാർ.
യോഗ്യന്മാരുടെ താരതമ്യമറിയാ-
നുള്ളോരു സാമർത്ഥ്യവും
ഭാഗ്യത്തിന്റെ തികച്ചിലും, പരഹിതാ-
നുഷ്ഠാനവൈദഗ്ദ്ധ്യവും,
ശ്ലാഘ്യോദാരയശഃ പ്രവാഹവുമിണ-
ങ്ങീടും ഭവാനെത്രയും
ദീര്‍ഘം കാലമിരിയ്ക്ക ദിവ്യ മഹിമ-
ശ്രീവഞ്ചിഭൂപാന്തിക.