Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 11

11 തിരുവിതാംകൂർ ഉപ്പുകുളും പേഷ്കാർ രത്നമയ്യർ

ആക്കം പെരുത്തമരുമുപ്പുകളത്തിലിപ്പോൾ
പേഷ്ക്കാർ മഹാനവർകൾതന്റെ സഭാന്തരാളേ
ചേര്‍ക്കുന്നതിന്നു ചില പദ്യഗണങ്ങൾ കെട്ടി-
ത്തീര്‍ക്കുന്നു മന്ദനൊറവങ്കരഭൂമിദേവൻ.


ധീമാനാരുടെ മസ്തകസ്ഥലലസ-
ന്മാണിക്യമാം രത്നമാ-
യാമോദേന വസിയ്ക്കു മൂലമനിശം
'രത്നാഖ്യ'നാകും ഭവാൻ
ക്ഷേമാംഭോധിതരംഗസംഗവിഗള-
ത്താപം യുഗാന്തംവരെ-
ബ്ഭൂമൌ ഭൂരിയശസ്വിയായമരുക
ക്ഷ്മാദേവചൂഡാമണേ!


എന്നാലിന്നൊരു കാര്യമമ്പിനൊടല-
ട്ടീടുന്നു ഞാ,നായതി-
ന്നന്യൂനം ദയചെയ്തിടേണമവിടു-
ന്നെൻനീതിസാരാംബുധേ!
ഇന്നേതന്നെയലട്ടുവോൻ പരിചയം
വന്നീടിൽ വെച്ചേയ്ക്കുമോ-
യെന്നോര്‍ക്കേണ്ട മഹാഗ്രഹം മഹിതരോ-
ടല്ലാതെ ചൊല്ലാവതോ?


സാരം ചേര്‍ന്നൊ'രയിയ്ക്കു നാട്ടു' ലവണ-
ക്കച്ചേരിമാസപ്പടി-
ക്കാരൻ ശങ്കരപിള്ളതന്റെ കഥ കൊ-
ണ്ടല്പം കഥിയ്ക്കുന്നു ഞാൻ;
ദാരിദ്രക്ഷിതിയാണു, കാര്യമറിയാം,
കയ്യക്ഷരം നല്ലതിൽ-
ച്ചേരും, നല്ല കണക്കുമുണ്ടു; കനിവോ-
ടല്പം കയറ്റീടണം.


കായത്തിന്നു ബലം ചുരുക്കുമധുനാ
മാസപ്പടിയാ ശരീ-
രായാസം പലതുണ്ടതിന്നു മതിയാ-
കില്ലീ മഹാദുര്‍ബ്ബലൻ;
മായം വിട്ടു കണക്കിനോ, മുതൽപിടി-
യ്ക്കോ വെച്ചു രക്ഷിക്കുവാ-
നായിച്ചേതസി ചേര്‍ക്ക ചെറ്റു കരുണാ-
പൂരം ദയാരംഗമേ.


കുട്ടിക്കാലംമുതൽക്കുള്ളൊരു സഹചരണം-
കൊണ്ടിവൻതങ്കൽ വല്ലാ-
തിഷ്ടം ബാധിച്ചുപോയീ മമ, നിയതമിവൻ
ക്ലേശവും പാശമായി,
കഷ്ടം ചൊല്ലാവതല്ലേ കനിവിതിനു ഭവാൻ-
തന്നെ വെയ്ക്കേണമല്പം
പെട്ടെന്നീപ്പത്രികയ്ക്കും മറുപടി തരണം
മാന്യസൌജന്യരാശേ!