പോരും പൊ,യ്യീശ! പയ്യെന്നിവളിനി വയർ വീര്‍-
പ്പിയ്ക്കുമന്നൊട്ടു തര്‍ക്കം
തീരും ഗുന്മാദിവാദം, തവ ശിരസി പിറ-
ക്കുന്ന തൽക്കുഞ്ഞറുക്കും;
പേറും രക്ഷിച്ചുകൂടാമടിയനുമരിക-
ത്തെന്നു ഗംഗോപഭോഗം
പാരം തര്‍ക്കിച്ചു ഭർത്താവിനൊടരുളുമാ-
വാക്കു മാൽ പോക്കണം മേ.
പഞ്ചാരപ്പായസത്തെപ്പലകുറി വഴിവാ-
ടാക്കിവെച്ചോരു വാണീ-
സഞ്ചാരപ്രൌഢമാര്‍ഗ്ഗായിതരസന! ഭവാൻ
വിട്ട ലക്കോട്ടിൽനിന്നു്,
അഞ്ചാറുൽക്കൃഷ്ടപദ്യം തടവിന കുറിയും
ബുക്കു രണ്ടും ലഭിച്ചൂ
നെഞ്ചേറും പ്രീതി ചേരും പ്രിയയൊടുമതു വാ-
യിച്ചു വര്‍ണ്ണിച്ചു പാരം.
പെൺപ്രേമക്കെട്ടുകാരൻ മടിയനിവ വിചാ-
രിച്ചു ഭാഷാകവീന്ദ്ര-
ക്കൊമ്പന്മാമാദരിയ്ക്കാഞ്ഞിഹ കൃതിവഴി കൈ-
വിട്ടിളപ്പെട്ടൊരെന്നെ
സമ്പ്രേരിപ്പിച്ചിടുന്നോ കവിതയി,ലരജ-
സ്ത്രീസുതോൽപ്പാദനത്തെ-
സ്സമ്പ്രീത്യാ ചെയ്യുമെന്നോ കവിതിലക! ഭവാൻ
നാളയോ മറ്റനാളോ!
തന്ദ്രേ! പോകാശു നിദ്രേ! മതി വിടക മനോ-
രാജ്യമേ! പൂജ്യ വേറി-
ട്ടൊന്നിൽത്തെല്ലുള്ളുവെയ്ക്കുന്നതിനിഹ ദയിതാ-
നര്‍മ്മമേ! സമ്മതിയ്ക്ക്,
എന്നാവിൽ ബ്രാഹ്മി! പാര്‍ക്കിത്തിരിയിട നടുവ-
ത്തുല്ലസിയ്ക്കും കവിക്കൂ-
മ്പിന്നെന്നെപ്പോലെയുള്ളോര്‍ക്കജമുഖവസതേ!
കേളയേ! ലാളനിയം.
ചൊല്ലാം ചോദ്യത്തിനെല്ലാം മറുപടികളഡൂ-
രാണു വാസം സ്ഥിരം മേ,
ചെല്ലും പോരും ക്രമത്താലിടയിലിടയിലാ-
ക്കോടിലിംഗാലയത്തിൽ;
കൊല്ലം രണ്ടായി കുഞ്ചിക്ഷിതിപരിവൃഢ പെ-
റ്റുണ്ണിയൊന്നുത്ഭവിച്ചി-
ട്ടെല്ലാവർക്കും സുഖം പോലവികലമവിടെ
ശ്രീകുരുംബാവലംബാൽ.
പീയൂഷത്തെളി വിറ്റ കാശുടുതുകിൽ-
ത്തുമ്പത്തു കെട്ടും കൃതി-
ക്കയ്യോരോന്നു വിളമ്പിടും പടുകവേ!
മുമ്പുള്ളൊരെൻ പ്രേയസി
പയ്യാടാന പരുന്തു പന്തിവകളെ
ക്കാണാതെ വാണീടുവാൻ
വയ്യാതുള്ളൊരു കുഞ്ഞിനോടുമധികം
കേഴാതെ വാഴുന്നുതേ.
ശേഷം കുടുംബ സുഖദുഃഖമുരയ്ക്കുവാനാ-
സ്റ്റേഷൻ കുഴങ്ങുമതിനുണ്ടു പരപ്പു പാരം
ഭാഷാകവീന്ദ്ര! വൃഷശൈലപുരത്തിൽവെച്ചു
ദോഷം ഭവിച്ച കഥ തെല്ലു ചുരുക്കിയോതാം.
അന്തിക്കാട്ടൊരു മന്ത്രവാദമതിനാ-
യഞ്ചെട്ടു നാൾ പാര്‍ക്കയാല്‍
സ്വന്തം നാടണയാൻ പരിഭ്രമമൊടും
വഞ്ചിയ്ക്കു പോന്നേനഹം;
അന്തിയ്ക്കൂണുകഴിച്ചു വണ്ടികയാ-
മെന്നോര്‍ത്തു വൻപട്ടണ-
ച്ചന്തം പെട്ട ശിവാലയേ പകല്‍ വരും
പത്താം മണിയ്ക്കെത്തിനേൻ.
ക്കൊച്ചിക്കാവവനീശ്വരീസുരവന-
പ്പൂവല്ലി കാച്ചുള്ളൊരാ-
ക്കൊച്ചുണ്ണിക്ഷിതിപൻ വസിയ്ക്കുമവിടെ-
ക്കൊറ്റിനു പറ്റീടുവാൻ
ഇച്ഛിച്ചൂന്നി നടന്നിടും പൊഴു, തെഴു-
ന്നെള്ളിക്കഴിഞ്ഞെന്നു കേ-
ട്ടുച്ചക്കൂണുകഴിച്ചു നീതിനിലമാം
പേഷ്ക്കാരു പാര്‍ക്കും ഗൃഹേ.
ഇക്കാവമ്മയൊടൊത്തിരുന്നു കുശലം
ഭഷിച്ചു മദ്ധ്യാഹ്നമാ-
മക്കാലം കഴിവോളമൊന്നഥ പുറ-
ത്തേയ്ക്കായ് പുറപ്പെട്ടു ഞാൻ
നിഷ്കര്‍ഷിച്ചിതു കേൾക്ക കൊക്കരണിതൻ-
നേരേ കിഴക്കിപ്പൊഴും
നില്ക്കും കുറ്റിവടക്കടക്കുറുവനേ
സാധിച്ചു സംശോധനം.
വന്നൂ പൊല്ലീസ്സുകാരങ്ങിരുവ,രവർ "ഭവാ-
നൊന്നിനോ രണ്ടിനോ പോ"-
യെന്നായി, 'രണ്ടി 'നെന്നായഹമവരുടനാ
സ്റ്റേഷനിൽക്കൊണ്ടുകേറ്റി;
അന്നിൻസ്പേക്കട്ടരോടും നയകുലരിപുവാം
സ്റ്റേഷനാപ്പീസ്സരോടും
പിന്നേയും പിന്നെയും ഞാനവധകളുരചെ-
തിട്ടു വിട്ടില്ല നമ്മെ.
ആരായാലും മലോത്സര്‍ജ്ജനമതിനിവിട-
ത്തിങ്കലെങ്ങാനിരുന്നാ-
ലാ രാജദ്വേഷിയെക്കൊണ്ടിവിടെ വരണമെ-
ന്നിന്നുമെന്നോടമന്ദം
നേരേ കല്പിച്ചു പേഷ്കാരവർകളതുമിതും
ചൊല്ലി നില്ക്കേണ്ട ജാമ്യ-
ക്കാരുണ്ടെന്നാൽ വരട്ടേ വിടുവനിതി തദാ
സ്റ്റേഷനാപ്പീസ്സർ ചൊന്നാൻ