Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 8

8 ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാൻ

മറ്റൊന്നും കൊതിയില്ല മേ തവ യശോ-
രാകാശരച്ചന്ദ്രനെ-
പ്പെറ്റുണ്ടാക്കിയ ചിത്രവൈദുഷിയതിൻ
പ്രാണേശനാകും ഭവാൻ
ചെറ്റും മാലണയാതെ കണ്ടവളെയും
ത്വന്നന്ദനൻതന്നെയും
മുറ്റും കാത്തു വളര്‍ത്തി വാഴുക ഭൂവി
ബ്രഹ്മാവു മാറുംവരെ.


ശ്രീമൻ! ഭവാന്റെ സവിധത്തിലണഞ്ഞൊരിയ്ക്കൽ -
ക്കാണ്മാനനേകദിനമായഹമന്തരംഗേ
കാമിച്ചിടുന്നു; വിധിസമ്മതമെന്നിയേ ചെ-
യ്യാമോ നമുക്കഭിലഷിച്ചവിധത്തിചെല്ലാം?


ഈ വിദ്വാനൊരു സാധുമാനുഷനഹർ-
വൃത്തിയ്ക്കുപായം പെടാ-
തേവം ഹന്ത! കുഴങ്ങിടുന്നു ബഹുനാ-
ളായെൻ ദയാവാരിധേ!
ഹേ വിദ്വാൻ! ഭവദീയഹാര്‍ദ്ദശകലം
കിട്ടീടിലിമ്മാനുഷൻ
ജീവിച്ചീടു;-മിനിക്കഥിക്കിലധികാ-
രത്തിൽക്കവിഞ്ഞായ‌രും.


ഇക്കാലമീ മനുജനാഗ്രഹമല്പവൃത്തി-
സര്‍ക്കാരുവേലയിലിരിപ്പതിനായിടുന്നു;
ചൊൽക്കൊണ്ട് ഹൂണജനഭാഷവുമുണ്ടു കിഞ്ചിൽ,
കൈക്കൊണ്ടിടുന്ന കനമുള്ള പരീക്ഷയില്ല. 


ധന്യസ്വഭാവ! തവ കല്പന മൂന്നു രാജ്യ-
ത്തിന്നുള്ളിലും "പവനു" തുല്യമെടുക്കുമല്ലോ;
എന്നാലിവൻ പറയുമാൾക്കൊരെഴുത്തു നല്കി-
യെന്നാലിവന്നു ശുഭകാലമുദിച്ചു നൂനം.


ചിതമോടൊറവങ്കരയാം
ക്ഷിതിദേവൻ കീരഹരിണപുരിതന്നിൽ
വിധിസദൃശൻ ചിത്രകലാ-
നിധി കോയിത്തമ്പുരാനിതെഴുതുന്നു.