മുന്നം കവിപ്രവര, 'ചന്ദ്രിക'യെന്ന പത്രം-
തന്നിൽ ഭവൽകൃതികൾ കണ്ടതുകാരണത്താൽ
ഒന്നിച്ചിരുന്നവിധമിന്നു നമുക്കു തമ്മി-
ലൊന്നാന്തരം പരിചയത്തിനു വന്നു യോഗം.
മന്നത്തമേറുമിവനീക്കവനം ഭവാന്റെ
മുന്നിൽക്കടന്നു കവിവീര, വിളമ്പിയെന്നാൽ
മിന്നും പ്രഭാകരനുദിച്ചളവിൽപ്പറക്കും
മിന്നാമിനുങ്ങിനുടെമാതിരിയായിരിക്കും.
എങ്കിലുമിന്നു കുറഞ്ഞൊ-
ന്നെൻകൃതി ചാടിപ്പുറപ്പെടുന്നു സഖേ!
ചൊങ്കൻഗരുഡനിരിക്കേ-
ച്ചെങ്കൊതു മൂളിപ്പറക്കുമാറില്ലേ?
പടുഭോഷനതായ ഞാൻ കടന്ന-
മ്പൊടു ബുക്കൊന്നൊഴുതിത്തുടങ്ങിയെന്നു്
നടുവം മഹനോ പറഞ്ഞി,തങ്ങോര്‍
വെടിപൊട്ടിച്ചിടുവാൻ മഹാസമര്‍ത്ഥന്‍
സത്യം ഞാൻ സമ്മതിക്കാമൊരു കഥയെഴുതി-
ത്തീര്‍ക്കണം ഭാഷയായെ-
ന്നുൾത്തട്ടിൽ തിങ്ങിവിങ്ങും കൊതിയോടു കവനം
ചെയ്തു തൊണ്ണൂറു പദ്യം;
പൃഥ്വിത്തട്ടില്‍ പ്രസിദ്ധിപ്രചുരിമ കലരും
കാവ്യകര്‍ത്താവു കൊട്ടാ-
രത്തിൽ ശങ്കുണ്ണിസാർ കാണ്മതിനതുമുഴവൻ
കോട്ടയത്തേയ്ക്കയച്ചു.
രാ. രാ. കൊട്ടാരത്തിൽ-
ച്ചേരും ശങ്കുണ്ണിയവർകളതു നോക്കി
നേരോടു തിരിച്ചയയ്ക്കു-
ന്നേരം നിങ്ങൾക്കയച്ചിടാം.