Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 24

24 പാൽക്കുളങ്ങര പി. കെ. കേശവപിള്ള

അല്ലേ കേശവപിള്ളേ,
തെല്ലെൻ വാക്യങ്ങൾ കേൾക്കു, മുഷിയരുതേ!
മല്ലിട്ടുനോക്കുവാനാ-
ളല്ലേ, ഞാൻ സാധ, കവിമുടിക്കല്ലേ.


ഞാനിന്നാളൊരു പദ്യമെൻ 'മലയാ-
ളി'ക്കായയച്ചേൻ കവി-
സ്ഥാനം കേറിയ താങ്കളാക്കവിതയിൽ
കൂടുന്ന കുറ്റങ്ങളെ
താനേ കണ്ടുപിടിച്ചുവെച്ചതു പുറ-
ത്താക്കീടുവാൻ സ്വന്തമാം
പേനത്തുമ്പിനു ജോലിനല്കിയതിനായ്
നന്ദ്യാ നമിക്കുന്നു ഞാൻ.


കഷ്ടിക്കവികൾ പിഴച്ചാൽ
ശിഷ്ടന്മാർ പരിഹസിക്കുമാറില്ല;
കുട്ടികൾ വീണെന്നാൽ കൈ-
കൊട്ടിക്കണ്ടോർ ചിരിക്കുമാറുണ്ടോ?


രണ്ടത്തൊന്നു പദങ്ങൾ ചേര്‍ത്തെഴുതുവാൻ-
പോലും പഠിപ്പുള്ളതായ്
പണ്ടീക്കേരളഭൂമിതന്നിലൊരു പെ-
ണ്ണുണ്ടായിരുന്നോ സഖേ?
തൊണ്ടബ്ഭാഗ്യമൊരംഗനയ്ക്കൊരു മുറി-
ശ്ലോകത്തിനെന്നാലുമി-
ന്നുണ്ടായെങ്കിലതിന്നു താങ്കൾ തുടരും
ഹാസം മഹാസാഹസം.