ചെമ്മേ കവികലമണിയും
പൊന്മയകോടീരകോടിമണിയാകും
നമ്മുടയ പെട്ടരഴിയം
ബ്രഹ്മശ്രീ രാമനിളയതവർകൾക്കു്
പേരു പെരുത്തൊരു തൃശ്ശൂർ-
പ്പൂരക്കാലത്തു കണ്ട കഥയെല്ലാം
നാരായണ! നാരായണ!
തീരെ മറന്നോ, ഭവാനതോര്‍ക്കുന്നോ?
എനിക്കുമില്ലത്തഖിലര്‍ക്കുമെന്മാ-
നിനിക്കുമില്ലത്തലൊരിത്തിരിക്കും;
തനിക്കുമാത്തങ്കഗിരീന്ദ്രപീന-
സ്തനിക്കുമാതങ്കമതില്ലയല്ലീ?
കവിയും കഴൽ കുമ്പിടുന്നൊരസ്സൽ-
ക്കവിയും കേമനുമായിടുന്ന താങ്കൾ
കവിയും കൃതിഗര്‍വ്വു കണ്ടിടുന്നോര്‍-
ക്കവിയുംമാതിരിയിൽ കൃതിപ്പതില്ലേ?
ഇപ്പാരടക്കമൊരുമാതിരി മാനമേകും
നല്‍പ്പേരെടുക്കുക ഭവാനൊരു ബുക്കു് തീര്‍ത്തു്;
കയ്പേറിട്ടം കൃതികൾ തീര്‍ത്തു കൃതാര്‍ത്ഥമേവം
കയ്പേറിടും കവികൾ കണ്ടു കൊതിച്ചിടട്ടേ.