ആയതനയനേ, മധുമൊഴി-
യായൊരു നീ തീർത്തയച്ച കവിതകളെ
മായമകന്നു രസിച്ചെൻ-
വായ കഴയ്ക്കും വരയ്ക്കു വായിച്ചേൻ.
കളവേതുമോതുകില്ലെൻ -
കളമൊഴി, ഞാനിക്കഴുത്തുപോയാലും;
അളവറ്റു നിൻകവിതയി-
ലിളകിപ്പോം കാളിദാസനും ചിത്തം.
ശുമ്മാ കിടക്കുമൊരു നാരിയെ ഞാൻ കടന്നു
വന്മേനികേറ്റി വഷളാക്കി മറിച്ചുവിട്ടാൽ
എന്മാൻചലാക്ഷി, ഫലമെന്തു നമുക്കു ശുദ്ധം
തെമ്മാടിയെന്ന കെടുപേരു കിടയ്ക്കുകെന്ന്യേ?
പാതാളാവധി കേരളം തിരയിലും
ശല്യം പിഴയ്ക്കാതക-
ണ്ടോതാനെങ്കിലുമാവതുള്ള മഹിളാ-
ലോകം മഹാദുര്‍ല്ലഭം;
ഏതോ ഭാഗ്യവശാലൊരുത്തി കവിത-
ക്കാരത്തിയുണ്ടെങ്കിലെൻ-
ചേതസ്സായവളിൽപ്പതിഞ്ഞതു കടു-
ങ്കയ്യായ്‍ക്കലാശിച്ചിതോ?
കോമളാംഗി, നടുവംമഹൻ മഹാ-
കേമനാണു, കവിതാവിധങ്ങളിൽ;
ആ മനുഷ്യനെ വിളിച്ചു കാട്ടണം
നീ മുറയ്ക്കു കൃതിചെയ്തതൊക്കയും.
ദൂരേ ദുര്‍മ്മടി കൈവെടിഞ്ഞു ദിവസം-
തോറും മുടങ്ങാതെ നി-
യ്യോരോ മാതിരിയിൽ കുറെക്കൃതി കൃതി-
ച്ചീടാൻ തുടങ്ങീടുകിൽ
സാരസ്യക്കതിരായ നിൻകവിതയെ-
ക്കണ്ടാൽ കൊതിക്കും കിട
ന്നീ രാജ്യത്തിനകത്തെഴും കവിമുടി-
ത്തുമ്പിൽത്തുളുമ്പും ജനം.
ഉണ്ടായ ഗര്‍ഭമിതു തന്വി, കടിഞ്ഞിലാണോ?
രണ്ടാമതോ പ്രസവമാസമടുത്തുവന്നോ?
തണ്ടാർമിഴിത്തിലകമേ, ഭജനം കഴിച്ചും-
കൊണ്ടെന്നു നീ പുതിയ വെണ്ണ ജപിച്ചുതിന്നോ?
നാണം കണുങ്ങവേ നളിനാക്ഷി, നിയ്യെൻ-
പ്രാണങ്ങളാണിതു ധരിക്കു മനസ്സിരുത്തി;
ആണുങ്ങളോടധികമായ്പെരുമാറി ദേഹം
ക്ഷീണിച്ചുപോകുന്നതിനി പ്രസവംവരായ്ക്കും.
കാലേ കിടാവിനുമിനി പ്രസവത്തിനും തൽ-
ക്കാലം നിനക്കുമൊരുപോലെ ഗുണത്തിനായി
പാലോടു വെണ്ണ പലമാതിരിയായ് നിദാനം
ശീലിച്ചുപോരുക പയോരുഹപത്രനേത്രേ!
സ്ഥാനത്തുനിന്നിളകുവാനിവനാദ്ദിവാന്റെ
പേനത്തലയ്ക്കു ദയതോന്നണമെങ്കിലും മേ
ആനത്തലസ്തനി, മഹൻനടുവത്തൊടൊത്തു
ഞാനെത്തിടും തവ ഗൃഹത്തിലടുത്തൊരിയ്ക്കൽ.