Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 17

17 കുന്നത്തു മീനാക്ഷി അമ്മയ്ക്ക്

പഴയന്നൂരിൽ കുന്ന-
ത്തെഴുമൊരു മീനാക്ഷിയമ്മ കാണ്മാനായ്
ഒഴുകുന്ന മോദമുൾക്കൊ-
ണ്ടെഴുതുന്നൂ ഞാൻ കുറഞ്ഞൊന്നു്.


സാന്ദ്രരുചി ചേര്‍ന്നു ശാരദ-
ചന്ദ്രികയിൽ ചിതറുമമൃതമതുപോലേ
ചന്ദ്രമുഖി, ചാരു'കേരള-
ചന്ദ്രിക'യിൽ കണ്ടു ഞാൻ കവിത്വം തേ


ഇക്കാലത്തിങ്കലെപ്പെൺകൊടികളുടെ മുടി-
ത്തുമ്പിൽ മുമ്പിട്ടുമിന്നും
മുക്താമാണികമേ, നിൻസുലളിതകവിത-
ക്കുട്ടി നേരിട്ടിരിക്കേ
മുക്കാലും മുക്കിമൂളി ... ... ... .... ... .... ... ....  
... ... തീര്‍ത്ത സാക്ഷാൽ
... ... ന്തിക്കവിത്വക്കൊതിയൊടിനിയുമ-
ണ്ണാക്കു പുണ്ണാക്കിടുന്നു?


സാധിച്ചോ സാധു ചിന്താമണിമഹിതമഹാ-
മന്ത്രസാരം? മുറയ്ക്കാ-
രാധിച്ചോ നീ നിതാന്തം തുഹിനകരകുലാ-
ചൂഡകാന്താപദാന്തം?
ബോധിച്ചാ വെണ്മണിക്ഷ്മാസുരവരകവിതൻ
ബ്രഹ്മരക്ഷസ്സു കേറി-
ബ്ബാധിച്ചോ? ബാധവിട്ടെങ്ങിനെ കവിതയിലീ-
മട്ടു തേ കിട്ടിടുന്നൂ?


'എന്നേ വിശേഷമിങ്ങോര്‍ക്കെ-
ന്തെന്നിലിത്ര കുതുഫലം?'
എന്നു നീ സംശയിക്കുന്നു-
വെന്നാലോതാമതും ലഘു


ബന്ധം ധാന്യധനങ്ങളാൽ സരസസ-
ല്ലാപം സുഖം രക്തസം-
ബന്ധം ചാര്‍ച്ച നമുക്കു തമ്മിലിതിലൊ-
ന്നുംതന്നെയില്ലെങ്കിലും
ബന്ധൂകാധരി, ബന്ധുതയ്ക്കു കുറവി-
ല്ലെന്തെന്നുവെച്ചാലെനി,-
ക്കെന്തെന്നില്ല, കവിത്വമുള്ളവരില-
ത്യന്തം ഹൃദന്തം പെടും.


ചടുലാക്ഷി, കവിപ്രൌഢ-
മുടികോടീരഹീരമാം
നടുവംമഹനദ്ദിക്കിൽ
പൊടിപാറ്റുന്നതില്ലയോ?


കരിമുകിലണിമുടി, നിയ്യി-
ക്കുറിമാനം കയ്യിലെത്തി വായിച്ചാൽ
ചെറുതു വിളംബവിഹീനം
മറുപടി തരുമെന്നു വിശ്വസിക്കുന്നൂ.