നലമൊടു നിങ്ങളയച്ചൊരു
വിലയേറും പത്രമിന്നു കൈപ്പറ്റി;
പല കുറി ഞാനതു മോദാൽ
തലയിൽ കേറ്റിത്തികച്ചു മാനിച്ചു.
തോയം മണ്ണംബരം തീ പവനനിവ പഴേ-
മട്ടു കൈവിട്ടൊതുങ്ങി-
പ്പോയാലും സ്വന്തജോലിക്കൊരു കുറവു ഭവി-
ക്കാതെ വിഖ്യാതിയോടും
ശ്രേയശ്രീകീര്‍ത്തി കൈകൊണ്ടധിപതികൾ ഭവാ-
ന്മാരെഴും ചന്ദ്രികാഖ്യാ-
യ്ക്കായുസ്സുണ്ടായ്‍വരട്ടെ വിധി വിഷയരസം
വിട്ടിരിക്കുംവരെയ്ക്കും!
സാരസ്യം പൊടിപാറിടുന്ന സകലോ-
ദന്തങ്ങളോടും സുധാ-
സാരസ്യന്ദിയതായ സാധു കവിതാ-
യോഗപ്രയോഗത്തൊടും
ചേരും 'കേരള ചന്ദ്രികേ,' മടി വെടി-
ഞ്ഞുദ്ദേശമിദ്ദേശസ-
ഞ്ചാരം നീ നിലനിര്‍ത്തണേ ജലരുഹാ-
വാസന്റെ മാസംവരെ.