കല്യേ, കല്യാണിയമ്മേ, കരിമുകിൽമുടിമാർ -
പ്പൂമുടിക്കെട്ടു ചാര്‍ത്തും
കല്ലിൽക്കേറി പ്രകാശത്തരിപൊരി പതറി-
തത്തുമാ മുത്തുമാലേ!
തെല്ലെൻവാക്യങ്ങൾ കേൾക്കൂ, വരു വരു ശിവനാ-
ണേഷ ഞാ,നെന്നെയോര്‍ക്കു-
ന്നില്ലേ, നിങ്ങൾക്കു പണ്ടിജ്ജനമൊരു മകനോ-
ടൊത്ത മട്ടായിരുന്നൂ
തൃപ്പൂണിത്തുറെയപ്പൻ
തൃപ്പദസേവര്‍ക്കമര്‍ത്ത്യതരുകല്പന്‍
തൃപ്തിവരുമാറു നിങ്ങൾ-
ക്കപ്രിയമാറ്റിസ്സുുഖം തരുന്നില്ലേ?
നേരം വെളുക്കുമളവിൽക്കുളി, പിന്നെ ദേവ-
ന്മാരുള്ളടത്തു മുഴുവൻ തൊഴുവാൻ നടത്തം,
ശ്രീരാമനാമമൊടു വായനയെന്നിതെല്ലാം
തീരെത്തടസ്ഥമൊഴിയെക്കഴിയുന്നതില്ലേ?
ഇഷ്ടപ്പെടുന്നവരിൽവെച്ചു മികച്ച സാക്ഷാൽ
കുട്ടപ്പമേനവനു സൌഖ്യമതല്ലയല്ലീ?
മട്ടിപ്പൊഴെന്തു, കവിതാരസമാ മനുഷ്യൻ
വിട്ടോ, ശിവന്റെ കഥ വിഡ്ഡി മറന്നുപോയോ?
അത്ഭുതാംഗി മകൾ കുഞ്ഞുലക്ഷ്മിയാം
സുഭൂ പെറ്റൊരു മകൻ പിറന്നിതോ?
അര്‍ഭകൻ മിടുമിടുക്കനോ പുന-
ഗ്ഗര്‍ഭശങ്കയതുമിപ്പഴില്ലയോ?
സാരസ്യത്തിന്റെ സാരം സകലവുമിയലും
കുഞ്ചിയമ്മയ്ക്കു മൂന്നാം-
പേറുണ്ടായ്‍വന്നുവെന്നും ബഹുകശലിനിയായ്-
ത്തന്നെതാൻ പെറ്റുവെന്നും
ആരോമൽപൈതൽ പെണ്ണെന്നതുമതിനു സുഖം-
തന്നെയാണെന്നുമിന്നാ-
ളാരോമൽക്കര്‍ണ്ണരന്ധ്രങ്ങളിലമൃതതിധാ-
രാളമായി ധാരചെയ്തു.
ലാലാജലാവലി വമിച്ചു പകച്ചുനോക്കി-
ക്കോലും രസേന കുതികൊണ്ടിടയിൽച്ചിരിച്ചും
മാലൊട്ടകന്നു മകൾതൻമകൾ രണ്ടു കയ്യും
കാലും കുടഞ്ഞഥ കരഞ്ഞു കിടപ്പതില്ലേ?
തോയം തീ മണ്ണു വാതം ഗഗനമിവകളൊ-
ന്നിച്ചു നിർമ്മിച്ചതാകും
കായത്തിൽ കേടുതട്ടാതതിമഹിതമഹാ-
ഭാഗ്യസൌഭാഗ്യമോടും
ശ്രേയശ്ചാരിത്രവിദ്യാവിനയധനയശോ-
ഭർത്തൃഭാവങ്ങൾ വര്‍ദ്ധി-
ച്ചായുസ്സുണ്ടായ്‍വരട്ടേ മകളുടയമകൾ-
ക്കായിരത്തെട്ടുകൊല്ലം.