Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 13

13 കൊട്ടാരത്തിൽ ശങ്കുണ്ണി

ആയതബുദ്ധേ, കവിവര-
നായ ഭവാൻ തീര്‍ത്തയച്ച സന്ദേശം
മായമകന്നു രസിച്ചെൻ -
വായ കഴയ്ക്കുംവരയ്ക്കു വായിച്ചേൻ.


അഞ്ചാറു വട്ടമതിജാഗ്രതയോടതിങ്കൽ
സഞ്ചാരകർമ്മമതു ചെയ്തൊരിവന്റെ ചിത്തം
പഞ്ചാര ചേര്‍ന്ന മധുരക്കറിയിൽ കുളിച്ചു
പഞ്ചാമൃതപ്പശ പുരട്ടിയ മട്ടിലായി.


‌സുഖം വളര്‍ക്കും കവിതാമൃതത്താൽ
ശിഖാവസാനം വരെ മേനിയകേറ്റും
സഖേ, ഭവാനിയ്യിടെയുള്ള ശുദ്ധം
മുഖസ്തുതിക്കാരിൽ മികച്ച വിദ്വാൻ


ഞാനും ജ്ഞാനമിയന്ന വെണ്മണിമഹന്‍-
നമ്പൂരിയും തങ്ങളിൽ-
പ്പേനും പൂച്ചയുമെന്നപോലെ കൃതികൊ-
ണ്ടത്യന്തമുണ്ടന്തരം;
മാനം ചേര്‍ന്ന കവേ, ഭവാനയ്ക്കു മറി-
ച്ചോതുന്നതോര്‍ത്തൊന്നു ഞാൻ
മേനിക്കുന്നു കരേറി നിന്നു ഞെളിയാം,
താങ്കൾക്കതല്ലേ രസം?


'ചന്തം കലർന്ന മലയാളമനോരമയ്ക്കായ്
സ്വന്തം വകക്കൃതികൾ നിങ്ങൾ വിടേണ'മെന്നോ?
എന്തോഴനെന്നോടു പറഞ്ഞതു ഞാനുമെന്നാൽ
സന്തോഷമോടുമതിലേയ്ക്കു തയാറുതന്നെ.